മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടി കേന്ദ്രം; മാർഗ തടസം സൃഷ്ടിച്ചെന്ന് പരാതി

news image
Aug 28, 2024, 2:51 pm GMT+0000 payyolionline.in

ദില്ലി/തൃശ്ശൂർ: മാധ്യമ പ്രവർത്തകരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ദില്ലി പോലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. മന്ത്രിക്കും, സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണിത്.

സംഭവത്തിൽ സുരേഷ് ഗോപി പൊലീസിലും പരാതി നൽകി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിറ്റി പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

സംഭവത്തിൽ അനിൽ അക്കര എംഎൽഎയുടെ പരാതിയിലും അന്വേഷണം തുടങ്ങി. തൃശൂർ സിറ്റി എസിപിക്കാണ് കമ്മീഷണർ പ്രാഥമികാന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചു. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രകോപനപരമായ പെരുമാറ്റം. രാമനിലയത്തിൽ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പിടിച്ചു തള്ളിയ കേന്ദ്രമന്ത്രി പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് കാറിൽ കയറി മടങ്ങുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe