തിരുവനന്തപുരം∙ മാധ്യമ പ്രവർത്തകർക്കു സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിന് കോവിഡിന് മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കാമെന്ന് പൊതുഭരണ വകുപ്പിന്റെ റിപ്പോർട്ട്. കോവിഡിനു മുൻപ്, മാധ്യമ സ്ഥാപനത്തിന്റെ കാർഡ് ഉപയോഗിച്ച് ജീവനക്കാർക്ക് സെക്രട്ടേറിയറ്റിനുള്ളിലേക്കു കടക്കാമായിരുന്നു. കോവിഡ് വന്നതിനുശേഷം മാധ്യമപ്രവർത്തകർക്കു നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലിൽ തീരുമാനം എടുത്തിട്ടില്ല.
വിഎസ് സർക്കാരിന്റെ കാലത്ത് അക്രഡിറ്റേഷനില്ലാത്ത മാധ്യമ പ്രവർത്തകർക്കു പ്രത്യേക പാസ് നൽകിയിരുന്നു. പിന്നീട് മാധ്യമ സ്ഥാപനത്തിന്റെ കാർഡ് കാണിച്ചാൽ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് വന്നതോടെ സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നയതന്ത്ര ബാഗേജിൽനിന്നു സ്വർണം പിടികൂടുകയും കേന്ദ്ര ഏജൻസികൾ അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതോടെ നിയന്ത്രണം കർശനമാക്കി. വാര്‍ത്താ സമ്മേളനങ്ങളിൽ മാത്രമായി അനുമതി ചുരുക്കി.
ഏതാവശ്യത്തിനാണോ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നത് ആ ഓഫിസിൽനിന്ന് സെക്യൂരിറ്റി പോയിന്റിലേക്കു വിളിച്ചു പറയണമെന്ന നിബന്ധന വന്നു. വാർത്താ ശേഖരണത്തിനു ബുദ്ധിമുട്ട് നേരിടുന്നതായി മാധ്യമ പ്രവർത്തകരുടെ സംഘടനകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വ്യവസായ സുരക്ഷാ സേന ഇതിനിടെ സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഏറ്റെടുത്തു. കോവിഡ് മാറിയതോടെ സ്ഥിതി അവലോകനം ചെയ്യാൻ പൊതുഭരണവകുപ്പിനോടു നിർദേശിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് നൽകിയത്.