മാധ്യമ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണം; കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

news image
Apr 16, 2025, 12:51 pm GMT+0000 payyolionline.in

തിരുവനന്തപുരം : കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള പത്ര പ്രവർത്തക അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നിവേദനം നൽകി.

ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കണക്ക് ശേഖരിച്ച് അവർക്ക് ക്ഷേമനിധി, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ സുരക്ഷ, ജില്ലാ തല തിരിച്ചറിയൽ കാർഡ് എന്നിവ ഏർപ്പെടുത്തുന്നതിന് സത്വര നടപടി ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

പരിമിതമായ സൗകര്യത്തോടെ നിരവധി പ്രതിസന്ധികൾ അതിജീവിച്ച് വാർത്തകൾ ശേഖരിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് തൊഴിൽ സുരക്ഷ ഇല്ലാത്തതും,
മാധ്യമ മാനേജ് മെന്റിൽ നിന്ന് തുച്ഛമായ വേതനം കൈപറ്റി ജോലിയെടുക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ദുരിത ജീവിതവും അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

പരിശോധിച്ച് നടപടി എടുക്കാമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉറപ്പ് നൽകി.

സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി, ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ, ട്രഷറർ ബൈജു പെരുവ, വൈസ് പ്രസിഡണ്ടുമാരായ കണ്ണൻ പന്താവൂർ, എൻ ധനഞ്ജയൻ കൂത്തുപറമ്പ് , ബൈജു മേനാച്ചേരി, സെക്രട്ടറി വി എസ് ഉണ്ണികൃഷ്ണൻ ചടയമംഗലം എന്നിവരായിരുന്നു നിവേദക സംഘത്തിലുണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe