മാനന്തവാടി > കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ പ്രതിഷേധവുമായി രംഗത്തെത്തി നാട്ടുകാർ. ആനയെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഉത്തരവിടണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ തെരുവിൽ പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് എത്തിയ എസ് പി ടി നാരായണനെയും കലക്ടർ രേണുരാജിനെയും പ്രതിഷേധക്കാർ തടഞ്ഞു. മാനന്തവാടിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം നാട്ടുകാർ ഉപരോധിക്കുകയാണ്. മാനന്തവാടിയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുവാനും നാട്ടുകാർ സമ്മതിച്ചില്ല.
എസ് പിക്കു നേരെ ഗോ ബാക്ക് വിളികളുണ്ടായി. പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹനത്തിൽനിന്നിറങ്ങി എസ്പി നടന്നുപോകുകയാണ് ചെയ്തത്.
രാവിലെ 7.30ഓടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജീഷിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.