മാനവീയം വീഥിയിലെ കൂട്ടയടി; കര്‍ശന നിരീക്ഷണം തുടരും, പരാതിയില്ലെങ്കിലും കേസെടുക്കുമെന്ന് ഡിസിപി

news image
Nov 4, 2023, 11:02 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളീയം വേദിയായ നവീകരിച്ച മാനവീയം വീഥിയിലുണ്ടായ കൂട്ടത്തല്ലില്‍ കര്‍ശന നടപടിയുമായി പൊലീസ്. കൂട്ടയടിയില്‍ കേസെടുക്കുമെന്ന് ഡിസിപി വ്യക്തമാക്കി. നിലവില്‍ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് പരാതിയില്ല. എന്നാല്‍, പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ ഉടന്‍ തന്നെ കേസെടുക്കുമെന്ന് തിരുവനന്തപുരം ഡിസിപി നിധിന്‍ രാജ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആളുകളെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മാനവീയം വീതിയില്‍ പൊലീസ് നിരീക്ഷണം കര്‍ശനമായി തുടരുമെന്നും ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മര്‍ദനമേറ്റയാളുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണെന്നും ഡിസിപി പറഞ്ഞു. പാട്ടും ആഘോഷ പരിപാടിയും നടക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പാട്ടുവെച്ച് ഡാന്‍സ് കളിക്കുന്നതിനിടെയുണ്ടായ അടിപിടിയാണ്. ഉടന്‍ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സുരക്ഷിതമായ ഇടമായി മാനവീയം വീഥിയെ മാറ്റുന്നതിനായി പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പൊലീസ് ഏയ്ഡ് പോസ്റ്റ് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെന്നും ഡിസിപി കൂട്ടിചേര്‍ത്തു.

ഇന്നലെ രാത്രിയാണ് മാനവീയം വീഥിയില്‍ സംഘർഷം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കൾ ചേർന്ന് നിലത്തിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, സംഭവം നടന്ന് ഇതുവരെയായിട്ടും ആരും പരാതി നല്‍കിയിട്ടില്ല. സംഘർഷത്തിനിടെ യുവാക്കളുടെ സംഘം ഇതിന് ചുറ്റും നിന്ന് നൃത്തം വെക്കുന്നതും വീഡിയോയിലുണ്ട്. സംഘര്‍ഷത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ സംഘർഷങ്ങൾ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആരും പൊലീസിനെ പരാതിയുമായി സമീപിക്കുന്നില്ല. ഇന്നലെ ഈ സംഘർഷം ശ്രദ്ധയിൽപെട്ടയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിലാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പൂന്തുറ സ്വദേശിയായ ഒരാൾ ചികിത്സ തേടിയെന്ന് വിവരം കിട്ടിയത്. ഇയാളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe