മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരുമില്ല. നല്ല പഴുത്ത മാങ്ങ കിട്ടിയാൽ ആരായാലും കഴിക്കും. ഇപ്പോഴാണെങ്കിൽ സീസൺ കൂടിയാണ്. എല്ലാ വീടുകളിലും മാങ്ങ കാണും. ഇത് നന്നായി പഴുത്ത് പോയാൽ പിന്നെ ചീത്തയാവുമല്ലോ ? അങ്ങനെ വരുമ്പോൾ ദിവസവും വെറൈറ്റി ആയിട്ട് എന്തെങ്കിലും ഉണ്ടാക്കാം. ഇന്ന് നമുക്കൊരു ലഡു ആയാലോ ? മാമ്പഴ ലഡു…
ചേരുവകൾ
മാങ്ങ- 2 കപ്പ്
തേങ്ങ ചിരകിയത്- 1/2 കപ്പ്
കണ്ടൻസ്ട് മിൽക്ക്- 1/2 കപ്പ്
ഏലയ്ക്കപ്പൊടി, 1/2 ടീസ്പൂൺ
നെയ്യ്- 2 ടേബിൾസ്പൂൺ
പിസ്ത, ബദാം- ആവശ്യത്തിന്
തയാറാക്കേണ്ട വിധം
മാമ്പഴം വൃത്തിയായി കഴുകിയെടുത്ത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. ഒരു പാനെടുത്ത് അതിലേക്ക് മാമ്പഴം പൾപ്പാക്കിയ ശേഷം ചേർക്കുക. ഇതിലേക്ക് കണ്ടൻസ്ട് മിൽക്ക് ചേർത്ത് ഇടത്തരം തീയിൽ ഇളക്കി യോജിപ്പിക്കാം. പിന്നീട് ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും, അരടീസ്പൂൺ ഏലയ്ക്കപ്പൊടിയും ചേർത്തിളക്കുക. അതിനു ശേഷം എടുത്ത് വച്ചിരിക്കുന്ന ബദാമും പിസ്റ്റയും ചേർക്കാം. അടുപ്പിൽ നിന്നും മാറ്റിയ ശേഷം തണുക്കാനായി വയ്ക്കുക. ഇനി കൈയിൽ അല്പം നെയ്യ് പുരട്ടിയശേഷം തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചെറിയ ഉരുളകളാക്കാം. ഇതിനെ ബാക്കിയുള്ള തേങ്ങ ചിരകിയതിൽ മുക്കിയെടുക്കാം. നല്ല മധുരമുള്ള മാമ്പഴ ലഡു തയാർ