ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപുമായുളള നയതന്ത്ര തർക്കങ്ങൾക്കിടെ മാലദ്വീപിലേക്കുളള ഇന്ത്യക്കാരുടെ സഞ്ചാരത്തിൽ വൻ ഇടിവ്. ദ്വീപിലേക്കുളള സഞ്ചാരികളായ ഇന്ത്യക്കാരുടെ എണ്ണം 2023ൽ ഒന്നാംസ്ഥാനത്തായിരുന്നെങ്കിൽ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത നയതന്ത്ര തർക്കമാണ് ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമെന്നാണു വിലയിരുത്തൽ.
മാലദ്വീപ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിൽ വർധവനവുണ്ടായിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ചൈനയ്ക്ക്. ഡിസംബറിലെ കണക്ക് അനുസരിച്ച് ദ്വീപിലെ ടൂറിസം വിഹിതത്തിൽ ഇന്ത്യയുടെ സംഭാവന 11 ശതമാനമായിരുന്നു. റഷ്യയും ചൈനയുമായിരുന്നു തൊട്ടുപിന്നിൽ. പത്ത് ശതമാനമായിരുന്നു ഇരു രാജ്യങ്ങളുടെയും സംഭാവന. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം എട്ട് ശതമാനം വിപണി വിഹിതവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്.
10.6% വിപണിവിഹിതവുമായി റഷ്യൻ സഞ്ചാരികളാണ് ഏറ്റവും മുന്നിൽ. 10.4% യാത്രക്കാരുമായി ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. ചൈന കഴിഞ്ഞാൽ യുകെയാണ് ഇന്ത്യയ്ക്കു തൊട്ടുമുന്നിലുളള രാജ്യം. ജർമനി, യുഎസ്എ, ഫ്രാൻസ്, പോളണ്ട്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണു യഥാക്രമം ആറു മുതൽ പത്തുവരെ സ്ഥാനങ്ങളിലുളളത്. മാലദ്വീപ് സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു പങ്കും ടൂറിസം വ്യവസായങ്ങളെ ആശ്രയിച്ചാണു നിലകൊളളുന്നത്. 2023ൽ 2,09,198 ഇന്ത്യക്കാരാണു മാലദ്വീപിലേക്കെത്തിയത്.