പാലക്കാട്: രാത്രി വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ ഒരു കവറിലെ ക്യുആർ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തിയ പഞ്ചായത്ത് അധികൃതരെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. പഴുതടച്ച ഇടപെടൽ എന്നൊക്കെ പറഞ്ഞാൽ ഇതാണെന്ന് മന്ത്രി പ്രതികരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തുകാർ പൊളിച്ചു. ഇത് എല്ലാവർക്കുമുള്ളൊരു മുന്നറിയിപ്പ് ആയിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. തിരുമിറ്റക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോഴിക്കോട്ടിരി പാലത്തിനടുത്ത് ശനിയാഴ്ച രാവിലെയാണ് ഒഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയത്.
സംഭവമറിഞ്ഞ വാർഡ് അംഗം കെ പി വിബിലേഷ് ഹെൽത്ത് ഇൻസ്പെക്ടർ സുജിത് ലാലിനെ വിവരമറിയിച്ചു. പരിശോധിച്ചപ്പോൾ മാലിന്യത്തിൽ പാഴ്സൽ കവറുകളുണ്ടായിരുന്നു. അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പാഴ്സൽ കമ്പനിയിലേക്ക് വിളിച്ചു കവറിന്‍റെ ഉടമയുടെ ഫോണ്‍ നമ്പർ കണ്ടെത്തി. രാത്രി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
കോട്ടയത്തു നിന്ന് കോഴിക്കോടേക്ക് കാറിൽ പോവുകയായിരുന്ന യുവാക്കളാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമായി. ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതിനാൽ ആ വഴി കടന്നുപോയെന്ന് യുവാക്കൾ സമ്മതിച്ചു. എന്നാൽ മാലിന്യം തള്ളിയത് ആദ്യം നിഷേധിച്ചു. തെളിവുകൾ നിരത്തിയതോടെ അവർ സമ്മതിച്ചു. 25,000 രൂപ ഇവരിൽ നിന്ന് ഈടാക്കുകയും ചെയ്തു.