മാലിന്യം സംസ്കരണത്തിൽ പിഴച്ചാൽ ഇനി സ്പോട്ടിൽ പിഴ, ലൈസൻസും പോകും; മിന്നൽ പരിശോധനയ്ക്കായി ജില്ലാതല സ്ക്വാഡ്

news image
Oct 23, 2022, 9:30 am GMT+0000 payyolionline.in

തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നല്‍ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുള്‍പ്പെടെ അധികാരമുള്ളതാണ് പ്രത്യേക സംവിധാനം. സംസ്ഥാനത്താകെ 23 സ്ക്വാഡുകളെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കുക.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരു സ്ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്ക്വാഡ് വീതവും പ്രവര്‍ത്തിക്കും. ഓരോ സ്ക്വാഡിന്റെയും നേതൃത്വം തദ്ദേശ സ്വയംഭരണ വകുപ്പ് പെര്‍ഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനില്‍ നിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേർ സ്ക്വാഡിൽ അംഗങ്ങളായി ഉണ്ടാകും. ഹൈക്കോടതി നിര്‍ദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ്  ശക്തമാക്കാനുള്ള തീരുമാനമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe