മാലിന്യമുക്ത നവകേരളം 2.0: പച്ചപുതപ്പിക്കും ഹരിത അയൽക്കൂട്ടങ്ങൾ

news image
Oct 1, 2024, 6:49 am GMT+0000 payyolionline.in

തിരുവനന്തപുരം > മാലിന്യമുക്ത നവകേരളം 2.0 കാമ്പയിനിന്റെ ഭാഗമായി പച്ചപുതയ്‌ക്കാനൊരുങ്ങി അയൽക്കൂട്ടങ്ങളും. സർവേയും ഗ്രേഡിങ്ങും നടത്തി 2025 ഫെബ്രുവരി 15ന്‌ മുമ്പ്‌ സംസ്ഥാനത്താകെയുള്ള 3.16 ലക്ഷം അയൽക്കൂട്ടങ്ങളും ഹരിതാഭമാക്കി പ്രഖ്യാപിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിന്‌ സജീവപങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീയുടെ പുതു ചുവടുവയ്‌പ്പാണ് ഹരിത അയൽക്കൂട്ട രൂപീകരണം. സിഡിഎസ്, എഡിഎസ് അംഗങ്ങൾ, ഡിജി കേരള വളന്റിയർമാർ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽനിന്ന്‌ എഡിഎസ്‌ തെരഞ്ഞെടുക്കുന്ന രണ്ടംഗ സംഘമാണ്‌ ഗ്രേഡിങ്ങിനെത്തുക.

 

അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്‌കരണ രീതി, അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, പ്രദേശത്തെ വീടുകളിൽ മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാൻ നടത്തിയ ഇടപെടൽ, പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നത്‌ തടയാൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ, നിരോധിത പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവർത്തനങ്ങൾ, വൃത്തിയുള്ള പാതയോരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, പരിസരശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ഒമ്പത്‌ മാനദണ്ഡങ്ങളാണ്‌ വിലയിരുത്തപ്പെടുക.

സംസ്ഥാന കുടുംബശ്രീ മിഷൻ തയ്യാറാക്കുന്ന ഏകീകൃത രീതിയിലെ ഫോമുകളിൽ വിവരങ്ങൾ ശേഖരിക്കും. ഇത്‌ സിഡിഎസ്‌ തലത്തിൽ ലഭ്യമാക്കും. ഒമ്പത്‌ മാനദണ്ഡങ്ങളിൽ പരമാവധി 100 മാർക്ക്‌ എന്നനിലയിലാണ്‌ വിലയിരുത്തപ്പെടുക. 60 മാർക്കിൽ കൂടുതൽ നേടുന്നവയെ ഹരിത അയൽക്കൂട്ടമായി സിഡിഎസ് പ്രഖ്യാപിക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ സാക്ഷ്യപത്രം നൽകും. ആദ്യഘട്ട സർവേയിൽ 60-ൽ താഴെ മാർക്ക്‌ നേടുന്നവരെ പ്രത്യേകമായി പരിഗണിച്ച്‌ മെച്ചപ്പെടുത്താൻ പ്രവർത്തനങ്ങളും നടത്തും. വീണ്ടും സർവേയും ഗ്രേഡിങ്ങും നടത്തും. സിഡിഎസുകൾക്ക്‌ കീഴിലെ 25 ശതമാനം അയൽക്കൂട്ടങ്ങളുടെ ഗ്രേഡിങ് 19ന്‌ മുമ്പും 50 ശതമാനം നവംബർ 31 മുമ്പും പൂർത്തിയാക്കണം. ഡിസംബർ 31ന്‌ അയൽക്കൂട്ട സർവേയും ഗ്രേഡിങും പൂർത്തിയാക്കും.

കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപീകരിച്ച കോർ കമ്മിറ്റിക്കാണ്‌ ഏകോപന, നടത്തിപ്പ്‌ ചുമതല. എല്ലാ ആഴ്‌ചയിലും യോഗം ചേർന്ന്‌ പ്രവർത്തനങ്ങൾ വിലയിരുത്തും. അയൽക്കൂട്ടങ്ങളുടെ ഗ്രേഡിങ്‌ പൂർത്തിയാക്കുന്ന ഡിസംബർ 31നുശേഷം എഡിഎസുകളുടെയും സിഡിഎസുകളുടെയും സർവേയും ഗ്രേഡിങ്ങും നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe