മാവേലിക്കരയില്‍ ഹരിതകർമ സേനാംഗങ്ങൾക്ക് നേരേ അക്രമം: ഗൃഹനാഥൻ അറസ്‌റ്റിൽ

news image
Oct 13, 2023, 7:41 am GMT+0000 payyolionline.in

മാവേലിക്കര > വാതിൽപ്പടി സേവനത്തിനെത്തിയ തഴക്കര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് നേരേ ഗൃഹനാഥന്റെ അക്രമം. പരാതിയിൽ സലിൽവിലാസിൽ സാം തോമസിനെ മാവേലിക്കര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തഴക്കര കുന്നം അഞ്ചാം വാർഡിൽ വ്യാഴം പകൽ 2.30നാണ് സംഭവം. പ്ലാസ്‌റ്റിക് മാലിന്യം ശേഖരിക്കാനെത്തിയപ്പോൾ അസഭ്യം പറയുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്‌തെന്ന്‌ 5 ഹരിതകർമ സേനാംഗങ്ങൾ മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകി.

സാം തോമസിന്റെ വീട്ടിൽനിന്ന്‌ ശേഖരിച്ച പ്ലാസ്‌റ്റിക് മാലിന്യം ചാക്കിലാക്കി ഇയാളുടെ വീടിന്‌ പുറത്ത് മതിലരികിൽ വച്ചശേഷം മറ്റ്‌ വീടുകളിൽ പോയി. ഇവർ പോയ ശേഷം സാം തോമസ് ചാക്ക് ഇറവങ്കര ജങ്ഷനിൽ കൊണ്ടുപോയി റോഡരികിൽ തള്ളി. മാലിന്യം എടുക്കാൻ ഉച്ചയ്‌ക്കുശേഷം എത്തിയ സ്‌ത്രീകൾ സാമിനോട് ചാക്ക്‌ എവിടെയെന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ അക്രമം ഉണ്ടായത്‌. പിന്തിരിഞ്ഞ് ഓടിയതുകൊണ്ടാണ് ദേഹോപദ്രവത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് പരാതിയിലുണ്ട്.

ഹരിതകർമസേനാംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ മാവേലിക്കര പൊലീസിൽ പരാതി നൽകി. എന്നാൽ ഒരാളുടെ മാത്രം മൊഴി രേഖപ്പെടുത്തിയശേഷം സാമിനെ കേസ്‌ എടുത്ത്‌ സ്‌റ്റേഷനിൽനിന്ന്‌ വിട്ടയച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സേനാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലന്ന്‌ ആക്ഷേപമുണ്ട്‌.

പൊലീസ് സ്‌റ്റേഷനിലും ഇയാൾ ഭീഷണി മുഴക്കി. ഇതേപ്പറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്‌. അക്രമത്തിൽ ആലപ്പുഴ ജില്ലാ ഹരിതകർമസേന വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രതിഷേധിച്ചു. പൊലീസിന്റെ അലംഭാവം അംഗീകരിക്കാനാകില്ലെന്നും പ്രതിക്കെതിരെ കർശന നടപടി വേണമെന്നും കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe