മാസപ്പടി കേസില്‍ നിലപാട് കടുപ്പിച്ച് ഇഡി; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ്

news image
Apr 16, 2024, 6:27 am GMT+0000 payyolionline.in

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സമൻസ് അയച്ചത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്.

സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നില്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സേവനത്തിന്റെ പേരിൽ  ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇ‍ഡി പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി.

 

അതേസമയം, സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ 23-ാം മണിക്കൂറിലും തുടരുകയാണ്. സിഎംആർഎൽ കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇഡി ഇന്നലെ വിളിച്ച് വരുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രിയ‍ോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായിട്ടില്ല. രാത്രി വൈകിയും പുലര്‍ച്ചയും ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe