ആലുവ: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന വിവാദവുമായി ബന്ധപ്പെട്ട് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന്‍റെ ആലുവയിലെ കോർപറേറ്റ് ഓഫിസിൽ എസ്.എഫ്.ഐ.ഒ റെയ്‌ഡ് തുടരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവസ്‌റ്റിഗേഷൻ ഓഫിസ് അന്വേഷണം നടത്തുന്നത്.
എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച്ച റെയ്ഡ് ആരംഭിച്ചത്. ഇതിൻ്റെ തുടർച്ചയായാണ് ചൊവ്വാഴ്ചയും മണിക്കൂറുകളോളം പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ആറംഗ അന്വേഷണ സംഘം എത്തിയത്. 11 മണിയോടെ ഇതിലെ രണ്ടു പേർ ഇൻകം ടാക്സ് ഓഫിസിൽ പോയി വിവരങ്ങൾ ശേഖരിച്ചു.
ഇതിനിടയിൽ സി.എം.ആർ.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇൻകം ടാക്സ് ഓഫിസിൽ പോയവർ തിരിച്ചെത്തിയ ശേഷം വൈകീട്ട് അഞ്ചു മണിയോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇൻകം ടാക്സ് അടക്കമുള്ള വിവിധ രേഖകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയതായാണ് അറിയുന്നത്. പരിശോധന തുടരുമെന്നും അറിയുന്നു.