മാസ്റ്റേഴ്സ് ലീഗ് ട്വന്റി 20 കിരീടം ഇന്ത്യയ്ക്ക്; വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു

news image
Mar 17, 2025, 5:45 am GMT+0000 payyolionline.in

റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ട്വന്റി-20 ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ സച്ചിൻ തെണ്ടുൽക്കർ നയിച്ച ഇന്ത്യൻ മാസ്റ്റേഴ്സ് ആറു വിക്കറ്റിന് ബ്രയാൻ ലാറയുടെ നേതൃത്വത്തിലിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ കീഴടക്കി. സ്കോർ: വിൻഡീസ് 20 ഓവറിൽ 148/7. ഇന്ത്യ 17.1 ഓവറിൽ 149/4.

 

വിൻഡീസ് സ്കേർ പിന്തുടർന്ന ഇന്ത്യക്കായി ഓപ്പൺ ചെയ്ത അമ്പാട്ടി റായിഡുവിന്റെയും (50 പന്തിൽ 74) സച്ചിൻറെയും (18 പന്തിൽ 25) ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ആദ്യവിക്കറ്റിൽ ഇരുവരും ചേർന്ന് എട്ട് ഓവറിൽ 71 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പ്രായം പ്രതിഭയെ തളർത്തിയില്ലെന്ന് ഇരുവരും തെളിയിച്ചു. ടിനൊ ബെസ്റ്റിന്റെ എട്ടാംഓവറിൽ രണ്ട് ഉജ്ജ്വല ഷോട്ടുകൾ സച്ചിന്റെ ബാറ്റിൽനിന്ന് പിറന്നു. ബാക് വേഡ് പോയിന്റിലേക്ക് ബാക്ഫൂട്ടിൽ ഫോറടിച്ച സച്ചിൻ അപ്പർകട്ടിലൂടെ സിക്‌സും നേടി.

അർധസെഞ്ചുറി നേടിയ ലെൻഡൽ സിമ്മൺസിന്റെയും (41 പന്തിൽ 57) ഓപ്പണർ െഡ്വയ്ൻ സ്മിത്തിന്റെയും (25 പന്തിൽ 45) മികച്ച ബാറ്റിങ്ങിലാണ് വിൻഡീസ് ഭേദപ്പെട്ട സ്കോർ നേടിയത്.

ക്യാപ്റ്റൻ ലാറയും ഡൈ്വന്‍ സ്മിത്തുമാണ് ഇന്നിങ്‌സ്‌ ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് മൂന്ന് ഓവറിൽ 23 റൺസെടുത്ത് ടീമിന് മികച്ച തുടക്കം നൽകി. വിനയ് കുമാറിന്റെ പന്തിൽ നാലാംഓവറിൽ ലാറ (6) മടങ്ങി. സ്മിത്തിനെ സ്പിന്നർ ഷബാസ് നദീം പുറത്താക്കി. 14.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 100 റൺസ് തികച്ചു. അവസാന ഓവറിലാണ് സിമ്മൺസിനെ വിനയ് കുമാർ പുറത്താക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe