പാലക്കാട് രാഷ്ട്രീയത്തിന്റെ ഉത്സവപ്പറമ്പിൽ നിന്നു കടത്തനാടൻ കളരിയുടെ വടകരയിലേക്കു ഷാഫി പറമ്പിൽ വരുമ്പോൾ കരുത്താകുന്നതു യൂത്ത് കോൺഗ്രസിനെ നയിച്ചതിന്റെ സംഘാടന ശേഷിയും നിയമസഭയിൽ പടനയിച്ചതിന്റെ വീര്യവും.
1983 ഫെബ്രുവരി 2ന് ഓങ്ങല്ലൂരിലെ പറമ്പിൽ വീട്ടിൽ ഷാനവാസിന്റെയും മൈമുനയുടെയും മകനായി ജനിച്ചു. പട്ടാമ്പി ഗവ. കോളജിൽനിന്ന് ബിബിഎ ബിരുദവും തൃശൂർ വെസ്റ്റ്ഫോർട്ട് ഹയർ എജ്യുക്കേഷൻ ട്രസ്റ്റിൽനിന്ന് എംബിഎയും നേടി. മാഹി അലിഘർ ഹൗസിൽ അലിയുടെയും ഷെറീഫയുടെയും മകൾ അഷീലയാണു ഭാര്യ. ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വത്തോടെ വടകര തിരഞ്ഞെടുപ്പിൽ മത്സരത്തിനു പുതുമുഖം വരികയാണ്.
ലോക്സഭാ മത്സരം പാർട്ടി തന്നെ ഏൽപിച്ച വലിയ ഉത്തരവാദിത്തമാണെന്നു ഷാഫി പറയുന്നു. എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ ശക്തമായ മത്സരം നേരിട്ടു 3 തവണ പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിൽ ഇപ്പോൾ എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. സ്ഥാനാർഥി നിർണയത്തിനുള്ള ദേശീയ സ്ക്രീനിങ് കമ്മിറ്റിയിലുമുണ്ട്.
∙അപ്രതീക്ഷിതമായി വന്ന വടകര ദൗത്യത്തെക്കുറിച്ച്
കെഎസ്‌യു മുതൽ പാർട്ടിയാണ് എല്ലാ പദവികളും തന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വിശാലമായ താൽപര്യം മുൻനിർത്തിയാണു വടകര ദൗത്യം സംഘടന ഏൽപിച്ചത്. വ്യക്തിപരമായ താൽപര്യങ്ങൾക്കും ഇഷ്ടത്തിനും ഇവിടെ സ്ഥാനമില്ല. യുഡിഎഫിനെ കരുത്തുറ്റതാക്കുക, ഇന്ത്യയുടെ ജനാധിപത്യ, മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകുക എന്നിവയാണ് ഇപ്പോൾ ആവശ്യം. ആ ഉത്തരവാദിത്തം അതിന്റെ ഗൗരവത്തോടെ, നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുന്നു.
∙എതിർസ്ഥാനാർഥി കരുത്തയായ കെ.കെ.ശൈലജയാണ്
എതിരാളികളെ ഒരിക്കലും കുറച്ചു കാണുന്നില്ല. അവിടെ ഉയർത്തുന്ന രാഷ്ട്രീയത്തിനും നിലപാടുകൾക്കുമാണു പിന്തുണ ലഭിക്കുക. ഇതിനകം വടകരയിലെ പ്രവർത്തകരും അല്ലാത്തവരുമായ ഒട്ടേറെ ആളുകൾ പിന്തുണ അറിയിച്ചു. മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാക്കളുമായും ആർഎംപി നേതാക്കളുമായും വിശദമായി സംസാരിച്ചു. വടകരയിലെ ജനം ഒപ്പമുണ്ടാകുമെന്ന വിശ്വാസമുണ്ട്. സ്ഥാനാർഥിയുടെ ശക്തിക്കും ദൗർബല്യത്തിനുമല്ല, ഉയർത്തിപ്പിടിക്കുന്ന ആശയത്തിനും ആത്മാർഥതയ്ക്കുമൊപ്പമാണു ജനം നിൽക്കുക.
∙കെ.മുരളീധരന്റെ മാറ്റം വിജയത്തെ ബാധിക്കുമോ
ഒരിക്കലുമില്ല. പാർട്ടിയിലെ കരുത്തനായ നേതാവാണു കെ.മുരളീധരൻ. പാർട്ടി നേരിട്ട പല നിർണായക പ്രശ്നങ്ങളിലും അദ്ദേഹം പ്രവർത്തകർക്കും സംഘടനയ്ക്കും രക്ഷാകവചം തീർത്തു. സംഘടന ലക്ഷ്യമിടുന്ന, രാഷ്ട്രം പ്രതീക്ഷിക്കുന്ന വിജയത്തിനു വേണ്ടിയുള്ള മാറ്റം അതേ സ്പിരിറ്റിൽതന്നെയാണ് അദ്ദേഹവും ഉൾക്കൊള്ളുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒരോ സീറ്റിലെയും ജയം പ്രധാനമാണ്. അതാണു പുതിയ തീരുമാനത്തിൽ തെളിയുന്നത്.