മാഹി: ജാതിമതഭേദമന്യേ ഏവരുടെയും അഭയ കേന്ദ്രവും മാഹി ദേശത്തിന്റെ സംരക്ഷകയും അത്ഭുത പ്രവർത്തകമായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം ചൊവ്വാഴ്ച ഉച്ചയോടെ സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ജപമാല നടത്തി. ആറിന് ഫാ.ജിജു പള്ളിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ആഘോഷ ദിവ്യബലി നടന്നു.
ദിവ്യബലിക്ക് ശേഷം ആരാധനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവുമുണ്ടായി. തിരുനാളിന്റെ അവസാന ദിനമായ ചൊവ്വാഴ്ച രാവിലെ 10 30 ന് കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷ ദിവ്യബലി ഉണ്ടായിരിക്കും. ദിവ്യബലിക്ക് ശേഷം ആരാധന, വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം ഉച്ച കഴിഞ്ഞു 2.30 ന്. രൂപം സൂക്ഷിക്കാനായി തയ്യാറാക്കിയ പ്രത്യേക അറയിലേക്ക് മാറ്റും. തുടർന്ന് മോൺ. ജെൻസെൻ പുത്തൻവീട്ടിൽ കൊടിയിറക്കുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാവും.