മാഹി ബസിലിക്കയിൽ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി

news image
Oct 6, 2026, 4:06 am GMT+0000 payyolionline.in

മാഹി: വടക്കേ മലബാറിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ രാവിലെ 11.30-ന് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് തിരുനാൾ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ സഹവികാരി ഫാ. ബിനോയി ഏബ്രഹാം, ടി. അശോക് കുമാർ എംഎൽഎ, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ തുടങ്ങി ജനപ്രതിനിധികളും സമുദായ നേതാക്കളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

​കൊടിയേറ്റിന് ശേഷം അൽത്താരയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധയുടെ തിരുസ്വരൂപം പുറത്തെടുത്ത് ഉച്ചയ്ക്ക് 12 മണിയോടെ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു. ഇതോടെ 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായെന്ന് അറിയിച്ച് മാഹി നഗരസഭ പ്രത്യേക സൈറൺ മുഴക്കുകയും കതിന വെടികൾ ഉയരുകയും ചെയ്തു. തുടർന്ന് വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനകളും നടന്നു. കൊടിയേറ്റിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ആയിരക്കണക്കിന് തീർഥാടകരാണ് മാഹിയിൽ തടിച്ചുകൂടിയത്.

​ഒക്ടോബർ 14, 15 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. 14-ന് വൈകുന്നേരം കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിലിന്റെ കർമ്മികത്വത്തിൽ ദിവ്യബലിയും അതിനുശേഷം തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണവും നടക്കും. 15-ന് പുലർച്ചെ വിശ്വാസികളുടെ ശയനപ്രദക്ഷിണവും രാവിലെ 10.30-ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ പ്രധാന ദിവ്യബലിയും ഉണ്ടാകും. ആഘോഷദിവസങ്ങളിൽ രാവിലെ ആറു മുതൽ രാത്രി ഒൻപതു വരെ മാത്രമായിരിക്കും പള്ളിയിലേക്ക് പ്രവേശനം. തീർഥാടകർക്കായി മാഹി മൈതാനത്ത് വാഹന പാർക്കിംഗ് സൗകര്യവും പള്ളി പരിസരത്ത് പൂർണ്ണ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe