മിനി ലോറി നിയന്ത്രണംവിട്ട് കമ്പിവേലിയിലിടിച്ചു മറിഞ്ഞു

news image
Feb 20, 2026, 4:16 am GMT+0000 payyolionline.in

ബാലുശ്ശേരി: മുന്തിരിയുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് നടപ്പാതയിലെ കമ്പിവേലിയിലിടിച്ച് മറിഞ്ഞു. ബാലുശ്ശേരി ടൗണിൽ ബസ് സ്റ്റാൻഡിനു സമീപം സംസ്ഥാന പാതയിൽ വ്യാഴാഴ്ച പുലർച്ച അഞ്ചരയോടെയാണ് അപകടം. വയനാട്ടിൽനിന്ന് കുറ്റ്യാടി ചുരം വഴി മഞ്ചേരിയിലേക്ക് മുന്തിരി നിറച്ച പെട്ടികളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് നടപ്പാതയിലെ കമ്പിവേലിയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് മറിഞ്ഞത്. മുന്തിരിപ്പെട്ടികൾ റോഡിൽ ചിതറിവീണ് നശിച്ചിട്ടുണ്ട്.

നടപ്പാതയിലെ കമ്പിവേലിയും ഇലക്ട്രിക്ക് പോസ്റ്റും തകർന്നു. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു. പുലർച്ചയായതിനാൽ കാൽനടയാത്രക്കാരും ഇല്ലായിരുന്നു.

അപകട കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. മാർക്കറ്റിൽ ലോഡിറക്കാനെത്തിയ ചുമട്ടുതൊഴിലാളികൾ അപകടം ശബ്ദം കേട്ട് ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബാലുശ്ശേരി പൊലീസും നരിക്കുനിയിൽനിന്ന് അഗ്നിരക്ഷസേനയും സ്ഥലത്തെത്തി. ലോറിയിൽനിന്ന് റോഡിലേക്ക് ചിതറിവീണ മുന്തിരിപ്പെട്ടികളിൽ പകുതിയും നശിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe