മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് കരതൊട്ടു; മണിക്കൂറിൽ 110 കി.മീ വേഗം: 8 ജില്ലകളിൽ റെഡ് അലർട്ട്

news image
Dec 5, 2023, 9:48 am GMT+0000 payyolionline.in

ചെന്നൈ : മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിൽ കരതൊട്ടു. മണിക്കൂറിൽ 110 കിലോമീറ്ററാണ് വേഗം. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

അതേസമയം, ചെന്നൈയിൽ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ട്രെയിന്‍ സർവീസുകൾ റദ്ദാക്കി. മെട്രോ ട്രെയിൻ സർവീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾ റദ്ദാക്കി. കൊല്ലം –സെക്കന്തരാബാദ് സ്പെഷൽ, തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്, എറണാകുളം – പട്ന എക്സ്പ്രസ്, ചെന്നൈ –തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ്, ഡല്‍ഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe