മിസോ നാഷനൽ ഫ്രണ്ടും സോറാം പീപ്പിൾസ് മൂവ്‌മെന്റും മിസോറമിലേക്കുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും എൻട്രി പോയിന്റ് -രാഹുൽ ഗാന്ധി

news image
Oct 17, 2023, 8:44 am GMT+0000 payyolionline.in

ന്യൂഡൽഹി: മിസോറാമിലെ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടും (എം.എൻ.എഫ്) പ്രതിപക്ഷ സോറാം പീപ്പിൾസ് മൂവ്‌മെന്റും (ഇസഡ്.പി.എം) ബി.ജെ.പിയുടെയും അതിന്റെ പ്രത്യയശാസ്ത്ര ഉറവിടമായ ആർ.എസ്.എസിന്റെയും പ്രവേശന കവാടങ്ങളാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

”എൻ.ഡി.എയുടെ ഭാഗമായ എം.എൻ.എഫിന് ബി​.ജെ.പിയുമായി നേരിട്ട് ബന്ധമുണ്ട്. ഇസഡ്.പി.എമ്മിന് ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് തന്നെ. മിസോറാമിലേക്ക് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രവേശന കവാടങ്ങളാണ് ഈ രണ്ട് പാർട്ടികളും.” -രാഹുൽ ഗാന്ധി ഐസ്‍വാളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മിസോറം നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു രാഹുലിന്റെ ദ്വിദിന പര്യടനം. രാജ്യത്തുടനീളം ഏകാധിപത്യവും കേന്ദ്രീകൃതവുമായ ഒരു സംവിധാനം പ്രചരിപ്പിക്കാനാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ശ്രമം. അവരുടെ ആ ആശയത്തെയാണ് കോൺഗ്രസ് എതിർക്കുന്നത്. മതവും സംസ്കാരവും സംരക്ഷിക്കപ്പെടണമെന്നാണ് കോൺഗ്രസിന്റെ തത്വം. ഞങ്ങളുടെ ഇൻഡ്യ സഖ്യത്തിന്റെ ലക്ഷ്യവും അതുതന്നൊണ്. 60 ശതമാനം ഇന്ത്യയെയാണ് ഞങ്ങളുടെ സഖ്യം പ്രതിനിധീകരിക്കുന്നുണ്ട് എന്നത് മനസിലാക്കേണ്ടത് പ്രധാനമാണ്.

ബി.ജെ.പിയെയും ആർ.എസ്.എസിനെയും നഖശിഖാന്തം എതിർക്കുന്നവരാണ് ഞങ്ങൾ. അവരോട് ഏതറ്റംവരെയും പോരാടാൻ തയാറുമാണ്. മിസോറമിലെ ജനങ്ങൾ ഇതു മനസിലാക്കുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ മിസോറമിൽ കോൺഗ്രസ് സർക്കാർ രൂപവത്കരിക്കുമെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe