കോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്. തട്ടിപ്പിനിരയായ മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബി വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന അസം സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായി.
ഇതോടെ അന്വേഷണ സംഘം അസം പൊലീസുമായി ബന്ധപ്പെട്ട് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. ഇയാളുടെ മൊബൈൽ നമ്പറുകൾ ലഭ്യമായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ പന്നിയങ്കര പൊലീസിന് ലഭ്യമായി. ആസൂത്രിത തട്ടിപ്പായതിനാൽ പിന്നിൽ ഒന്നിലധികം പേരുണ്ടാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം അസമിലേക്ക് പോകുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഫറോക്ക് അസി. കമീഷണർ എ.എം. സീദ്ദീഖ് പറഞ്ഞു.
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ വീട്ടമ്മ ആറുവർഷം മുമ്പ് ഉപേക്ഷിച്ചെങ്കിലും ഇത് ബാങ്കിന്റെ രേഖകളിൽനിന്ന് ഒഴിവാക്കിയിരുന്നില്ല. ഇതാണ് ലക്ഷക്കണക്കിന് രൂപ അപഹരിക്കുന്നതിന് പ്രതിക്ക് അവസരമായത് എന്നാണ് നിഗമനം. വീട്ടമ്മയുടെ അക്കൗണ്ടിലെ പണം യു.പി.ഐ വഴി ഒരു അക്കൗണ്ടിലേക്കാണ് പോയതെന്നും പണം പിൻവലിച്ചയാളുടെ യു.പി.ഐ അക്കൗണ്ടിലും വീട്ടമ്മയുടെ പഴയ മൊബൈൽ നമ്പർതന്നെയാണുള്ളതെന്നും ഇതിനകം കണ്ടെത്തിയിരുന്നു.
ഇതോടെയാണ് പണം അപഹരിച്ചത് വീട്ടമ്മയുടെ പഴയ മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന അസം സ്വദേശിയാണെന്ന് വ്യക്തമായത്. സംശയത്തെ തുടർന്ന് പഴയ മൊബൈൽ നമ്പറിലേക്ക് വീട്ടമ്മയുടെ കുടുംബം വിളിച്ചപ്പോൾ സംസാരിക്കാതിരുന്ന ഇയാൾ മറ്റൊരു നമ്പറിൽനിന്ന് വിളിച്ച് പൊലീസെന്നു പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഈ നമ്പറും പൊലീസ് പരിശോധിച്ചപ്പോൾ അസമിലുള്ളതാണെന്നാണ് വിവരം ലഭിച്ചത്. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ ഉൾപ്പെടെ നോക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പ് നടന്ന അക്കൗണ്ടുള്ള യൂനിയൻ ബാങ്കിന്റെ ചെറൂട്ടി റോഡ് ശാഖയിലെത്തി വിവരങ്ങൾ ശേഖരിച്ച പന്നിയങ്കര പൊലീസ് ചൊവ്വാഴ്ച വീട്ടിലെത്തി പരാതിക്കാരിയുടെ വിശദ മൊഴി രേഖപ്പെടുത്തി.
ബാങ്കിന്റെ ആപ് വഴി ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് രണ്ട് യു.പി.ഐ അക്കൗണ്ട് തുടങ്ങാനാവില്ലെന്നതിനാൽ ബാങ്കിന്റെ സാങ്കേതിക വിദഗ്ധ സമിതിയും തട്ടിപ്പിൽ അന്വേഷണം നടത്തുന്നുണ്ട്.
ഇതിന്റെ വിശദാംശങ്ങൾ ഉടൻ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 500 രൂപ മുതൽ ഒരുലക്ഷം വരെ എന്ന തോതിൽ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് അക്കൗണ്ടിലെ 19 ലക്ഷം പ്രതി പിൻവലിച്ചത്. ബാങ്കിലെത്തി അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് എടുത്തതോടെ പണം നഷ്ടമായത് മനസ്സിലാക്കി തുടർ നടപടി സ്വീകരിച്ചതിനാലാണ് തുടർന്നും പ്രതിക്ക് പണം പിൻവലിക്കാൻ കഴിയാതിരുന്നത്.
അക്കൗണ്ടിൽനിന്ന് ലക്ഷത്തിലേറെ രൂപ തട്ടി
കോഴിക്കോട്: കുറ്റിച്ചിറ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരുലക്ഷത്തിലേറെ രൂപ ഓൺലൈനായി തട്ടി. ഹബീബ് ഖാന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് 1,11,670 രൂപ അപഹരിച്ചത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് പലതവണ ഒ.ടി.പി നമ്പർ വന്നിരുന്നു. പിന്നീട് ബാങ്കിൽനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ച് ഈ നമ്പർ ആവശ്യപ്പെട്ടു. നമ്പർ പറഞ്ഞുകൊടുത്തതിനുപിന്നലെയാണ് അക്കൗണ്ടിൽനിന്ന് തുക നഷ്ടമായത്. പണം പോയതറിഞ്ഞതോടെയാണ് തട്ടിപ്പ് വ്യക്തമായതും പൊലീസിൽ പരാതി നൽകിയതും.