മീനങ്ങാടയിൽ കാറ് വളഞ്ഞ് 3 വണ്ടികൾ, ഇറങ്ങിയത് 13 അംഗ സംഘം, 20 ലക്ഷം കൈക്കലാക്കി; ഇനി പിടിയിലാകാൻ ഒരാൾ കൂടി

news image
Mar 20, 2024, 5:47 am GMT+0000 payyolionline.in

കല്‍പ്പറ്റ: മീനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് ഇരുപത് ലക്ഷം കവര്‍ന്നെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പേരെ കൂടി മീനങ്ങാടി പോലീസ് പിടികൂടി. കണ്ണൂര്‍ പളളിപറമ്പ്, കാരോത്ത് വീട്ടില്‍ റംഷീദ് (31), കണ്ണൂര്‍ പിണറായി സൗപര്‍ണ്ണികയില്‍ സുരേഷ് (36) എന്നിവരാണ് പിടിയിലായത്.

റംഷീദിനെ കണ്ണൂര്‍ പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും സുരേഷിനെ മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒമ്പത് പേരെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിയിരുന്നു. മാര്‍ച്ച് 15ന് ഒരാളെ പിടികൂടിയിരുന്നു.

2023 ഡിസംബര്‍ ഏഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എകരൂര്‍ സ്വദേശി മക്ബൂലും ഈങ്ങാമ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍ മീനങ്ങാടിയില്‍ വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവരുകയായിരുന്നു. കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുംവഴിയാണ് കവര്‍ച്ച നടന്നത്.

 

ചെറുകുന്ന്, അരമ്പന്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന ജിജില്‍(35), പരിയാരം, എടച്ചേരി വീട്ടില്‍, ആര്‍. അനില്‍കുമാര്‍(33), പടുനിലം, ജിഷ്ണു നിവാസ്, പി.കെ. ജിതിന്‍(25), കൂടാലി, കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍ ഭാര്‍ഗവന്‍26), പരിയാരം, എടച്ചേരി വീട്ടില്‍ ആര്‍. അജിത്ത്കുമാര്‍(33), പള്ളിപ്പൊയില്‍, കണ്ടംകുന്ന്, പുത്തലത്ത് വീട്ടില്‍ ആര്‍. അഖിലേഷ്(21) കണ്ണൂര്‍ കടമ്പേരി വളപ്പന്‍ വീട്ടില്‍ സി.പി. ഉണ്ണികൃഷ്ണന്‍ (21),  പടുവിലായില്‍ കുണ്ടത്തില്‍ വീട്ടില്‍ കെ. പി പ്രഭുല്‍ (29), പടുവിലായില്‍ ചിരുകണ്ടത്തില്‍ വീട്ടില്‍ പി. വി പ്രിയേഷ് (31), കണ്ണൂര്‍ പാതിരിയാട് നവജിത്ത് നിവാസില്‍ കെ. നവജിത്ത് (30) എന്നിവരെയാണ് മുമ്പ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അന്വേഷണ സംഘത്തില്‍ എസ്.ഐ മാത്യൂ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.എം. പ്രവീണ്‍, പി.കെ. ചന്ദ്രന്‍, എം.എസ്. സുമേഷ്  എന്നിവരുമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe