മുംബൈയിൽ എയർഹോസ്റ്റസിന്റെ കൊലപാതകം: പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ

news image
Sep 9, 2023, 11:36 am GMT+0000 payyolionline.in

മുംബൈ: മുംബൈയിൽ എയർ ഹോസ്റ്റസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  എയർഇന്ത്യയിലെ എയർഹോസ്റ്റസ് ട്രെയിനിയായ രൂപാൽ ഓഗ്രെയെ (24) കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ വിക്രം അത്‌വാലിനെ (40) യാണ് അന്ധേരി ലോക്കപ്പിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.

വെള്ളിയാഴ്ച രാവിലെ ശുചിമുറിയിൽ കയറിയ പ്രതിയെ കാണാത്തതിനാൽ നോക്കിയപ്പോൾ പാന്റിന്റെ വള്ളി ഉപയോ​ഗിച്ച്  പൈപ്പിൽ തൂങ്ങിയ നിലയിൽ അത്‌വാലിനെ കണ്ടെന്നാണ് പൊലീസ് പറഞ്ഞത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

കഴിഞ്ഞ ഞായറാഴ്ചയാണ് എയർ ഇന്ത്യയിലെ എയർ​ഹോസ്റ്റസ് ട്രെയിനിയായ രൂപാൽ ഒഗ്രേയെ അന്ധേതിയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ചത്തിസ്​ഗഡ് സ്വദേശിനിയാണ് രൂപാൽ. കൊലപാതകത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രൂപാൽ താമസിക്കുന്ന ഹൗസിങ് സൊസൈറ്റി ശുചീകരണജീവനക്കാരനായ വിക്രം അത്‌വാൽ പിടിയിലാവുകയായിരുന്നു. വീട് വൃത്തിയാക്കാനെന്ന പേരിൽ ഫ്ലാറ്റിൽ കയറിയ ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഫ്ലാറ്റിൽ നടത്തിയ തെളിവെടുപ്പിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe