മുംബൈയിൽ നാലാം ദിവസവും കനത്ത മഴ; 2 മരണം, വിമാന സർവീസുകൾ തടസപ്പെട്ടു

news image
Jul 22, 2024, 5:20 am GMT+0000 payyolionline.in

മുംബൈ: തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ മുംബൈയിലെ സബ്‌വേകളും റോഡുകളും വെള്ളത്തിലായി. കനത്ത മഴയോടൊപ്പം ഉയർന്ന വേലിയേറ്റമാണ് വിനയായത്. മഴയിൽ മണ്ണിടിഞ്ഞുവീണും വീടിന്റെ ഒരു ഭാഗം തകർന്നും രണ്ട് പേർ മരിച്ചു. മലാഡിൽ കെട്ടിട നിർമാണം നടക്കുന്നിടത്താണ് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചത്. ഇതിന് മുൻപ് ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള പഴയ നാലുനില കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് 70-കാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

തുടർച്ചയായ നാലാംദിവസമാണ് മഴ പെയ്യുന്നത്. ഇതോടെ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അന്ധേരി സബ്‌വേ അടച്ചിട്ടതോടെ മേഖലയിൽ ഗതാഗതം താറുമാറായി. ബുധനാഴ്ചവരെ മുംബൈയിലും കൊങ്കണിലും താനെയിലും ഓറഞ്ച് അലർട്ടും, പാൽഘറിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ 20 പേർ പരസ്പരം കൈകൊർത്ത് പിടിച്ച് മനുഷ്യചങ്ങല രൂപപ്പെടുത്തിയാണ് രക്ഷപ്പെട്ടത്.  തുൾസി അണക്കെട്ട് കരകവിഞ്ഞ് ഒഴുകി.

മഴ കനത്തതോടെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് മുംബൈ പൊലീസിന്റെ നിർദ്ദേശം. തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 100-ലേക്കുവിളിക്കാൻ മുംബൈ പൊലീസും ജനങ്ങൾക്ക് നിർദേശം നൽകി.

വിമാന സർവീസുകളും തടസപ്പെട്ടു. 2024 ജൂലൈ 21-ന് ബുക്ക് ചെയ്ത യാത്രയുടെ മുഴുവൻ റീഫണ്ടും അല്ലെങ്കിൽ ഒറ്റത്തവണ കോംപ്ലിമെൻ്ററി റീഷെഡ്യൂളിംഗും എയർ ഇന്ത്യ വാഗ്‌ദാനം ചെയ്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഇൻഡിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടു. നിലവിലെ മോശം കാലാവസ്ഥ മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് വിസ്താരയും എക്‌സിൽ കുറിച്ചു. സാധ്യമായ കാലതാമസമോ തടസങ്ങളോ കണക്കിലെടുത്ത് യാത്രക്കാർക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്ന് എയർലൈൻ ശുപാർശ ചെയ്തു.

പശ്ചിമ, മധ്യറെയിൽവേകളിൽ സർബൻ ട്രെയിനുകൾ സാധാരണഗതിയിൽ പ്രവർത്തിച്ചു. മാൻഖുർദ്, പൻവേൽ, കുർള സ്റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ട് കാരണം ഹാർബർ ലൈൻ സർവീസുകൾ വൈകിയാണ് ഓടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe