ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ വർധനവ് തുടരുമ്പോൾ മുംബൈയിൽ 95 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹോങ്കോങ്ങ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ ഏഷ്യയുടെ ചില ഭാഗങ്ങളിൽ അണുബാധ വീണ്ടും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകളുടെ വർധനവ് ആരോഗ്യ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
മുൻ തരംഗങ്ങളെ അപേക്ഷിച്ച് രാജ്യവ്യാപകമായി രോഗികളുടെ എണ്ണം കുറവാണെങ്കിലും, മുംബൈ, പൂനെ , ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ അണുബാധകളിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് മാസത്തിൽ ഇതുവരെ മുംബൈയിൽ 95 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി മുതൽ മഹാരാഷ്ട്രയിൽ 106 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നതിനാൽ ഇത് ഗണ്യമായി വർദ്ധിച്ചുവെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നു. കുറഞ്ഞത് 16 രോഗികളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാപനം തടയുന്നതിനായി പല രോഗികളെയും കെഇഎം ആശുപത്രിയിൽ നിന്ന് സെവൻ ഹിൽസ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു.
അതേസമയം സജീവ കേസുകളൊന്നുമില്ലെങ്കിലും പൂനെയിലും ജാഗ്രത നിർദ്ദേശമുണ്ട്. പൊതു ആശുപത്രികളിൽ മുൻകരുതൽ നടപടിയായി കൂടുതൽ കിടക്കകൾ കരുതിവച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.