മുകേഷും ഇടവേള ബാബുവുമടക്കമുള്ളവർക്ക് നിർണായകം, ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നറിയാം

news image
Sep 5, 2024, 3:13 am GMT+0000 payyolionline.in

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതിയുടെ തീരുമാനമറിയാം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും നിർണായക ഉത്തരവ് പുറപ്പെടുവിക്കുക. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു.

ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നാണ് മുകേഷിന്‍റെ വാദം. 15 വർ‍ഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവർക്കുമെതിരെ കേസെടുത്തത്. താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ഇതിനിടെ ബലാ‌ത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe