മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 19കാരനെ അറസ്റ്റ് ചെയ്തു. പണം ആവശ്യപ്പെട്ടുകൊണ്ടും വധഭീഷണി മുഴക്കിയും 3 ഇ മെയിലുകളാണ് കഴിഞ്ഞ ആഴ്ച അംബാനിക്ക് ലഭിച്ചത്. തെലങ്കാന സ്വദേശിയായ ഗണേശ് രമേഷിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നവംബർ 8 വരെ കസ്റ്റഡിയിൽ വിട്ടു.
ഒക്ടോബർ 27നാണ് 20 കോടി ആവശ്യപ്പെട്ടുകൊണ്ട് ആദ്യ മെയിൽ വന്നത്. ശേഷം 200 കോടിയും പിന്നീട് 400 കോടിയും ആവശ്യപ്പെട്ടുകൊണ്ട് ഭീഷണി സന്ദേശങ്ങൾ വന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് ഭീഷണി ഇ-മെയില്‍ സന്ദേശങ്ങള്‍ കൂടി മുകേഷ് അംബാനിക്ക് ലഭിച്ചു. മെയിൽ ഐഡി ഷദാബ് ഖാൻ എന്ന വ്യക്തിയുടേതാണെന്നും ബെൽജിയത്തിൽ നിന്നാണ് മെയിലുകൾ വന്നതെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെപ്പറ്റി പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ഐപി വിലാസങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ തെലങ്കാന സ്വദേശിയെ അറസ്റ്റ് ചെയ്തത്.
മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയ ബിഹാര്‍ സ്വദേശിയെ കഴിഞ്ഞ വര്‍ഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയും ദക്ഷിണ മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയും ബോംബ് വച്ച് തകര്‍ക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.