മുക്കം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ജെസിബി മാറ്റി മറ്റൊന്ന് എത്തിച്ചു; 6 പേർ പിടിയിൽ

news image
Oct 12, 2023, 3:26 pm GMT+0000 payyolionline.in

മുക്കം: പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ജെ സി ബി സ്റ്റേഷൻ പരിസരത്തുനിന്നു കടത്തിക്കൊണ്ടുപോയി പകരം മറ്റൊന്ന് എത്തിച്ച സംഭവത്തിൽ  6 പേർ പിടിയിൽ. യന്ത്രം ഉടമയുടെ മകൻ മാതാളിക്കുന്നേൽ മാർട്ടിൻ (32), കൂമ്പാറ കീഴ്പ്പള്ളി കെ.ആർ.ജയേഷ്(34), കൂമ്പാറ ഗോവിന്ദപ്പാടി മോഹൻ രാജ്(40), കല്ലുരുട്ടി തറമുട്ടത്ത് രജീഷ് മാത്യു(39) തമിഴ്നാട് സ്വദേശി രാജ(35), പൊന്നാങ്കയം പറമ്പനാട്ട് ദിലീപ് കുമാർ(49) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നതായും സൂചനയുണ്ട്.

ജെ സി ബിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവത്തിലാണ് ജെ സി ബി കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 19ന് ഉണ്ടായ അപകടത്തിൽ തോട്ടുമുക്കം സ്വദേശി സുധീഷ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് സ്റ്റേഷൻ കോംപൗണ്ടിൽ നിന്നു ജെ സി ബി കടത്തിക്കൊണ്ടുപോയി മറ്റൊന്ന് എത്തിച്ചത്. അപകടത്തിൽപെട്ട മണ്ണുമാന്തിക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇതെന്നാണ് പൊലീസ് നിഗമനം.

സിസിടിവി പരിശോധിച്ചാണ് യന്ത്രം കടത്തിക്കൊണ്ടുപോയവരെക്കുറിച്ച് വിവരങ്ങൾ മനസ്സിലാക്കിയത്. മുക്കം ഇൻസ്പെക്ടർ കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ: ഷിബിൽ ജോസഫ്, സീനിയർ സിപിഒ ടി.അബ്ദുൽ റഷീദ്, സിപിഒ അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണുമാന്തി യന്ത്രവും കടത്തിയവരെയും പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe