മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: എറണാകുളം പറവൂരിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി

news image
Nov 21, 2024, 10:45 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചതിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി ഹൈകോടതി. കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ച് വ്യക്തമാക്കി.

ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല. പ്രതിഷേധത്തിനിടെ ചെറിയ മൽപ്പിടിത്തമൊക്കേ ഉണ്ടാകും. അതിനെല്ലാം കേസെടുക്കാൻ നിന്നാൽ എല്ലാ ചെറിയ കാര്യത്തിലും കേസെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും.

ഈ രീതി ആശാസ്യമല്ല. ഇത്തരത്തിലുള്ള കരിങ്കൊടി പ്രതിഷേധങ്ങൾ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ചെയ്യുന്നതിൽ തെറ്റില്ലെന്നും തടസങ്ങളില്ലെന്നും ഹൈകോടതി വ്യക്തമാക്കി. കൂടാതെ, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കേസും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്.

2017ൽ പറവൂരിലാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം കോൺഗ്രസ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് അപകീർത്തികരവും അപമാനിക്കലും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂർ പൊലീസ് കേസെടുത്തത്. കേസെടുത്ത നടപടിക്കെതിരെ പ്രതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe