മുഖ്യമന്ത്രിയെയും കുടുംബത്തെ കുറിച്ചുള്ള ആരോപണം എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല -കെ. സുധാകരന്‍

news image
Aug 9, 2023, 7:57 am GMT+0000 payyolionline.in

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് പോകുന്ന കോടികളെ കുറിച്ച് ഒരന്വേഷണവും നടന്നിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.

മോൻസൺ മാവുങ്കലിന്‍റെ കൈയിൽ നിന്ന് 10 ലക്ഷം വാങ്ങിയെന്ന ആരോപണത്തിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ എന്ത് കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന സാധാരണക്കാരന്‍റെ ചോദ്യത്തിന് മറുപടി പറയാൻ പിണറായി വിജയന്‍റെ മൗനം ഭൂഷണമല്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

പിണറായിയെ കൊണ്ട് മറുപടി പറയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിന്‍റെ മറുപടി വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ തെളിയും. അതിന്‍റെ മുന്നോടിയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളടക്കം സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ എല്ലാവരെയും കുറിച്ച് അന്വേഷണം നടക്കട്ടെ. താനടക്കം കോൺഗ്രസ് നേതാക്കളെ കുറിച്ച് അന്വേഷിക്കാമെങ്കിൽ എന്തു കൊണ്ട് പിണറായിയെയും കുടുംബത്തെയും കുറിച്ചുമുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ലെന്ന് സുധാകരൻ ചോദിച്ചു.

 –

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകളാണ് പുറത്തുവന്നത്. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

2017ൽ വീണ വിജയന്റെ എക്‌സലോജിക് കമ്പനിയും സി.എം.ആർ.എൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയിരിക്കുന്നത്.

എന്നാൽ, വീണ വിജയനോ എക്‌സലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യാതൊരു സേവനം നൽകാതെ 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകിയെന്ന കണ്ടെത്തൽ പുറത്ത് വരുന്നത്.

വീണ വിജയന് പുറമെ ചില പ്രമുഖരായ വ്യക്തികൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പണം നൽകിയതിന്റെ രേഖകളും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe