അറേബ്യൻ രുചികളുടെ നാട്ടിൽ നിന്നും ആണ് മയോണൈസ് കേരളത്തിലേക്ക് വന്നത്. ഇന്നാണെകിൽ അതിനു ആരാധകർ ഏറെയുമാണ്. സംഭവം നല്ല ടേസ്റ്റ് ഒക്കെ ഉണ്ടെങ്കിലും എപ്പോഴും വിശ്വസിച്ച് കഴിക്കാൻ പറ്റില്ല. വേവിക്കാത്ത മുട്ട ഉപയോഗിച്ചാണ് സാധാരണ ഇത് തയ്യാറാക്കാറുള്ളത്. അതുകൊണ്ടു തന്നെ ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പച്ചമുട്ട ചേര്‍ത്ത മയോണൈസ് ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസമാണ് വിലക്ക് വരെ ഏർപ്പെടുത്തിയത്. അതുകൊണ്ടു നമുക്ക് മുട്ടയും എണ്ണയും ഉപയോഗിക്കാതെ അതേ രുചിയിൽ ഹെൽത്തിയായി മയോണൈസ് റെഡിയാക്കി നോക്കിയാലോ ? ഇവിടെ താരം അവക്കാഡോ ആണ്. അവക്കാഡോ മയോണൈസ് റെസിപ്പി ഇതാ
ആവശ്യമായ ചേരുവകൾ
അവക്കാഡോ- 1/2
വെളുത്തുള്ളി- 2
പച്ചമുളക്- 2
സവാള- 1/2
മല്ലിയില – ആവശ്യത്തിന്
തൈര്- 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര്- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു അവക്കാഡോയുടെ പകുതി ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. അതിലേയ്ക്ക് വെളുത്തുള്ളിയും, പച്ചമുളകും, സവാളയും, മല്ലിയിലയും, കട്ടത്തൈരും, ഒരു ടേബിൾസ്പൂൺ നാരങ്ങ നീരും, ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇത് വൃത്തിയുള്ള ഒരു ബൗളിലേയ്ക്കു മാറ്റി സൂക്ഷിക്കാം, ആവശ്യാനുസരണം കഴിക്കാം.