ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഗവർണർ പ്രോസിക്യൂഷൻ അനുമതി കൊടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തത്. പിന്നാലെ ഇഡിയും മുഡ ഭൂമിയിടപാട് കേസിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായാണ് ഒരു അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ ഒരു അന്വേഷണ ഏജൻസിക്ക് മുൻപാകെ ഹാജരാകുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കർണാടകയിൽ ആരോപണ നിഴലിലായ മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ചെയർമാൻ കെ മാരിഗൗഡ രാജി വച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് മാരിഗൗഡയുടെ വിശദീകരണമെങ്കിലും രാഷ്ട്രീയവിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് രാജിയെന്ന കാര്യം വ്യക്തമാണ്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് മുഡ വിവാദത്തിന്റെ നിഴലിലായത്. നിലവിൽ ഈ അനധികൃതഭൂമിയിടപാട് കേസിൽ ഇഡിയും ലോകായുക്തയും കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഭൂമി മുഡയ്ക്ക് തന്നെ തിരിച്ച് നൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ പ്രസ്താവന പുറത്തിറക്കിയിരുന്നു.