മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ : രണ്ടാംഘട്ട കരട് 2 – ബി പട്ടിക പ്രസിദ്ധീകരിച്ചു

news image
Mar 3, 2025, 3:22 pm GMT+0000 payyolionline.in

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃ പട്ടികയുടെ രണ്ടാംഘട്ട കരട് 2 – ബി പട്ടിക പ്രസിദ്ധീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 70 പേരാണ് രണ്ടാം ഘട്ട കരട് പട്ടികയിൽ ഉൾപ്പെട്ടത്. വാർഡ് 10 – ൽ 18 പേരും വാർഡ് 11- ൽ 37 പേരും വാർഡ് 12-ൽ 15 പേരുമാണ് കരട് പട്ടികയിലുള്ളത്.

നോ ഗോ സോണിന് പുറത്ത് സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകൾ, നോ ഗോ സോൺ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ട വീടുകളാണ് രണ്ടാംഘട്ട കരട് 2-ബി പട്ടികയിലേക്ക് പരിഗണിച്ചത്. പൊതുജനങ്ങൾക്ക് കലക്ടറേറ്റ്, മാനന്തവാടി റവന്യൂ ഡിവിഷൻ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും പട്ടിക പരിശോധിക്കാം.

രണ്ടാംഘട്ട കരട് 2- ബി പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും മാർച്ച് 13 വൈകീട്ട് അഞ്ച് വരെ വൈത്തിരി താലൂക്ക് ഓഫീസ്, ജില്ലാ കലക്ടറുടെ ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും [email protected] ലും സ്വീകരിക്കും. ആക്ഷേപങ്ങളിൽ സബ് കലക്ടർ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആക്ഷേപങ്ങൾ ഉന്നയിച്ചവരെ നേരിൽ കണ്ട് ആക്ഷേപങ്ങൾ തീർപ്പാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും വയനാട് കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe