മുതലപ്പൊഴിയിൽ പുലിമുട്ട് പുനർനിർമിച്ചു

news image
Dec 2, 2024, 2:40 pm GMT+0000 payyolionline.in

ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിൽ തെക്കുഭാഗത്തെ പുലിമുട്ട് പുനർനിർമിച്ചു. അദാനി തുറമുഖ കമ്പനി പൊളിച്ചുനീക്കിയ ഭാഗത്തെ പുലിമുട്ടാണ് പുനർനിർമിച്ചത്. ഒരു മാസംമുമ്പ്‌ ആരംഭിച്ച പ്രവൃത്തി മൂന്ന് ഘട്ടമായാണ് പൂർത്തീകരിച്ചത്. 10 മുതൽ 200 കിലോവരെയുള്ള കല്ലുകൾ അടിഭാഗത്ത് ആദ്യഘട്ടം നിക്ഷേപിച്ചു. 200 മുതൽ 400 കിലോ വരെയുള്ള കല്ലുകൾ രണ്ടാം ഘട്ടത്തിലും. 3000 മുതൽ 5000 കിലോ വരെയുള്ള കല്ലുകൾ അവസാന ഘട്ടത്തിലും മണ്ണുമാന്തി ഉപയോഗിച്ച് അടുക്കി.

വിഴിഞ്ഞം തുറമുഖ നിർമാണത്തിലേക്കാവശ്യമായ കല്ലുകൾ കടൽമാർഗം കൊണ്ടുപോകാൻ 2018ൽ വാർഫ് നിർമിക്കാനാണ് 600 മീറ്ററുണ്ടായിരുന്ന പുലിമുട്ടിന്റെ 170 മീറ്റർ അദാനി തുറമുഖ കമ്പനി പൊളിച്ചുനീക്കിയത്. അഴിമുഖചാനലിൽ ഡ്രഡ്ജിങ് നടത്തി ആഴംകൂട്ടി ബാർജ് അടുപ്പിച്ചാണ് വിഴിഞ്ഞത്തേക്ക്‌ പാറ കൊണ്ടുപോയിരുന്നത്. വിഴിഞ്ഞം തുറമുഖം പൂർത്തിയാകുമ്പോൾ പുലിമുട്ട് പുനർനിർമിക്കാമെന്ന് അദാനികമ്പനി സർക്കാരുമായി കരാറുണ്ടാക്കിയിരുന്നെങ്കിലും പുനർനിർമാണം അനിശ്ചിതമായിരുന്നു. പുലിമുട്ട് പൊളിച്ചതോടെ കായലിൽനിന്ന് കടലിലേക്ക് ഒഴുകി വരുന്ന മണ്ണ് തെക്ക് ഭാഗത്തെ വാർഫിനോട് ചേർന്നടിഞ്ഞ് വള്ളങ്ങൾക്ക്‌ തടസ്സമാകുകയും  അപകടങ്ങൾ വർധിക്കുകയുമായിരുന്നു. തുടർന്ന് പുലിമുട്ട്  പൂർവസ്ഥിതിയിലാക്കാൻ മന്ത്രി സജി ചെറിയാൻ അദാനി കമ്പനിക്ക്‌ നിർദേശം നൽകിയിരുന്നു. പുലിമുട്ട് പൂർത്തിയായതോടെ കായലിൽനിന്നുള്ള മണൽ ഒഴുക്കും സുഖകരമാകുമെന്നാണ് പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe