ന്യൂഡൽഹി: സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനാണ് വിടവാങ്ങിയത്. 1991ൽ രാജ്യം പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
റംഗൂണിൽ സാം ബാരിയാംജി നരിമാൻ, ബാനു നരിമാൻ എന്നിവരുടെ മകനായി 1929 ജനുവരി 10നാണ് ജനനം. മുംബൈ ലോ കോളജിൽനിന്നു നിയമത്തിൽ ബിരുദം നേടിയ നരിമാൻ 1950ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൽ ചെയ്തു. 22 വർഷങ്ങൾക്കുശേഷം 1971ൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനായി നിയമിതനായി.
1972-1975 കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറൽ ആയിരുന്ന അദ്ദേഹം, 1975 ജൂൺ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് പദവി രാജിവച്ചു. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഇന്റേണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വൈസ് ചെയര്‍മാന്‍, ഇന്റര്‍നാഷനല്‍ കമ്മിഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ ഓണററി അംഗം, ലണ്ടന്‍ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷമല്‍ ആര്‍ബിട്രേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1999ൽ യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ ഉപദേശക ബോർഡിൽ നിയമിതനായി. 1995 മുതല്‍ 1997 വരെ ഇന്റര്‍നാഷനല്‍ കമ്മിഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായും പ്രവർത്തിച്ചു.
രാജ്യത്ത് പ്രസിദ്ധിയാർജിച്ച നിരവധി കേസുകളിൽ നരിമാൻ ഹാജരായിട്ടുണ്ട്. ഭോപാൽ വിഷവാതക ദുരന്തക്കേസിൽ യൂണിയൻ കാർബൈഡിന് അനുകൂലമായി അദ്ദേഹം കോടതിയിൽ ഹാജരായിരുന്നു. എന്നാൽ അതൊരു തെറ്റായ തീരുമാനമായിരുന്നെന്ന് അടുത്തിടെ അദ്ദേഹം സമ്മതിച്ചിരുന്നു. സുപ്രീം കോടതി എഒആർ അസോസിയേഷന്‍ കേസ്, ഗോളക്‌നാഥ് കേസ്, എസ്പി ഗുപ്ത കേസ്, ടിഎംഎ പൈ ഫൗണ്ടേഷൻ കേസ് എന്നിങ്ങനെ പല കേസുകളും ഫാലി നരിമാന്‍ സുപ്രീം കോടതിയില്‍ വാദിച്ചിട്ടുണ്ട്.
‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’ എന്ന ആത്മകഥ നിയമ വിദ്യാർഥികൾക്കിടയിലും യുവ അഭിഭാഷകർക്കിടയിൽ വളരെയധികം വായിക്കപ്പെടുന്ന ഒന്നാണ്. ‘ദി സ്റ്റേറ്റ് ഓഫ് നേഷൻ’, ‘ഗോഡ് സേവ് ദി ഓണറബിൾ സുപ്രീം കോർട്ട്’ തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ. പ്രമുഖ കെട്ടിട നിർമാതാവായിരുന്ന ദൊറാബ്‌ജി കോൺട്രാക്‌ടറുടെ കൊച്ചുമകൾ ബാപ്‌സിയാണ് ഭാര്യ. സുപ്രീം കോടതി മുൻ ജഡ്‌ജി റോഹിങ്ടൻ നരിമാൻ മകനാണ്. മകൾ അനഹീത സ്പീച്ച് തെറപിസ്റ്റാണ്.