മുതിർന്ന പൗരന്മാർക്ക് 8.5 ശതമാനം; സഹകരണ ബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം

news image
Mar 5, 2025, 7:18 am GMT+0000 payyolionline.in

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ദേശസാൽകൃത, ഇതര ബാങ്കുകളെക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.

കേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകിവരുന്ന വരുന്ന പലിശയില്‍ മാറ്റം വരുത്തി. നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്ത് നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കും. പുതുക്കിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തിൽ വന്നു.

പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് പരാമാവധി 8.5 ശതമാനം വരെ പലിശ ലഭിക്കും. പലിശ നിർണ്ണയ സമിതി യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, പാക്സ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയി എം.എല്‍.എ, സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു, കേരളബാങ്ക് സി.ഇ.ഒ ജോര്‍ട്ടി എം. ചാക്കോ എന്നിവർ പങ്കെടുത്തു.

 

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക്

 

15 ദിവസം മുതൽ 45 ദിവസം വരെ 6.25%

46 ദിവസം മുതൽ 90 ദിവസം വരെ 6.75%

91 ദിവസം മുതൽ 179 ദിവസം വരെ 7.25%

180 ദിവസം മുതൽ 364 ദിവസം വരെ 7.75 %

ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%

രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8%

(മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപങ്ങൾക്ക് അരശതമാനം പലിശ കൂടുതൽ ലഭിക്കും)

 

 

പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്

 

15 ദിവസം മുതൽ 45 ദിവസം വരെ 6%.

46 ദിവസം മുതൽ 90 ദിവസം വരെ 6.50%.

91 ദിവസം മുതൽ 179 ദിവസം വരെ 7.25%.

180 ദിവസം മുതൽ 364 ദിവസം വരെ 7.50%.

ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25%.

രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8%

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe