മുന്നറിയിപ്പില്ലാതെ രാമനാട്ടുകര മേൽപാലം അടച്ചു: ഗതാഗതക്കുരുക്ക്

news image
Oct 23, 2024, 6:42 am GMT+0000 payyolionline.in

രാമനാട്ടുകര ∙ ടാറിങ് പ്രവൃത്തിക്കു വേണ്ടി ആറുവരിപ്പാതയിലെ രാമനാട്ടുകര മേൽപാലം മുന്നറിയിപ്പില്ലാതെ അടച്ചത് നഗരത്തിലുടനീളം ഗതാഗതം താറുമാറാക്കി. വാഹനങ്ങൾ സർവീസ് റോഡിലൂടെ വഴിതിരിച്ചു വിട്ടതോടെ ബൈപാസ് ജംക്‌ഷനിൽ ഏറെ നേരെ ഗതാഗതം സ്തംഭിച്ചു. നാലു ദിക്കുകളിൽ നിന്നും ജംക്‌ഷനിലേക്ക് വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതാണ് സ്ഥിതി ഗുരുതരമാക്കിയത്. ആറുവരിപ്പാതയിൽ യൂണിവേഴ്സിറ്റി ഭാഗത്തു നിന്നു പന്തീരാങ്കാവ് ഭാഗത്തേക്കുള്ള മേൽപാലമാണു അടച്ചത്. ഇതോടെ സർവീസ് റോഡ് വഴിയായി ഗതാഗതം.

 

 

 

രാവിലെ എയർപോർട്ട് റോഡിൽ ഐക്കരപ്പടി വരെയും നഗരത്തിൽ ബസ് സ്റ്റാൻഡ് വരെയും എത്തി വാഹനങ്ങളുടെ നിര. ആംബുലൻസുകൾ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്ക് എത്തിയവരെല്ലാം ഏറെനേരം വഴിയിൽ കുടുങ്ങി. പലരും ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് നഗരം കടന്നു പോയത്. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് പാടുപെട്ടു. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ടാറിങ് പ്രവൃത്തി നിർത്തിവയ്ക്കാൻ നിർദേശിച്ചു. ബദൽ മാർഗം ഒരുക്കാനും ട്രാഫിക് വാർഡന്മാരെ നിയോഗിക്കാനും ആവശ്യപ്പെട്ടു. ട്രാഫിക് വാർഡന്മാരെ നിയോഗിക്കാമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തിയാക്കി വൈകിട്ട് 5ന് റോഡ് തുറക്കാമെന്നുമുള്ള കരാർ കമ്പനി അധികൃതരുടെ ഉറപ്പിലാണ് പിന്നീട് ടാറിങ് പുനരാരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe