ആപ്പിൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ മുറിച്ചു കഴിഞ്ഞാൽ ഇതിന്റെ നിറം പെട്ടെന്ന് മങ്ങുന്നു. എൻസൈമാറ്റിക് പ്രതിപ്രവർത്തനം സംഭവിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ആപ്പിളിന്റെ നിറം മാറുന്നത്. കഴിക്കാൻ സുരക്ഷിതമാണെങ്കിലും നിറം മങ്ങിയത് കഴിക്കാൻ ആരും ഇഷ്ടപ്പെടില്ല. ആപ്പിളിന്റെ നിറം മങ്ങുന്നത് തടയാൻ ഇങ്ങനെ ചെയ്താൽ മതി
തണുത്ത വെള്ളം
മുറിച്ച ആപ്പിൾ തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുന്നത് നിറം മങ്ങുന്നതിനെ തടയും. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളത്തിൽനിന്നും മാറ്റാം. ഇത് എൻസൈമാറ്റിക് പ്രതിപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. അതിനാൽ തന്നെ ആപ്പിളിന്റെ നിറം മങ്ങുകയുമില്ല. അതേസമയം ആപ്പിൾ പൂർണമായും വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഉപ്പ് വെള്ളം
ആപ്പിൾ ഒന്നിൽ കൂടുതൽ ദിവസം കേടുവരാതിരിക്കാൻ ഉപ്പ് വെള്ളം ഉപയോഗിക്കാം. തണുത്ത വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർക്കണം. ശേഷം മുറിച്ച ആപ്പിൾ ഇതിലേക്ക് മുക്കിവയ്ക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകിയെടുത്താൽ മതി.
നാരങ്ങ വെള്ളം
തണുത്ത വെള്ളത്തിൽ നാരങ്ങ നീര് ചേർക്കണം. ഇതിലേക്ക് മുറിച്ചുവെച്ച ആപ്പിൾ മുക്കിവയ്ക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. ഒരു ദിവസം മുഴുവനും ആപ്പിൾ നിറം മങ്ങാതിരിക്കും.
തേൻ
തേൻ ഉപയോഗിച്ചും ആപ്പിളിന്റെ നിറം മങ്ങുന്നതിനെ തടയാൻ സാധിക്കും. തേനിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ ആപ്പിളിന്റെ നിറം മങ്ങുന്നതിനെ തടയുന്നു. തണുത്ത വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർക്കണം. ശേഷം ഇതിലേക്ക് മുറിച്ചുവെച്ച ആപ്പിൾ മുക്കിവയ്ക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. ഒരു ദിവസം മുഴുവനും ഇത് കേടുവരാതിരിക്കും.