മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് ആംബുലൻസ് നിഷേധിച്ചു; റാന്നിയിൽ ഡ്രൈവർമാരെ പിരിച്ചുവിട്ടു

news image
May 13, 2023, 12:08 pm GMT+0000 payyolionline.in

റാന്നി: കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിന് ആംബുലൻസ് നിഷേധിച്ച സംഭവത്തിൽ റാന്നി താലൂക്ക് ആശുപത്രിയിലെ രണ്ട് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു. പി.ആർ കൗശിക്, ജോമോൻ തോമസ് എന്നിവരെയാണ് ആശുപത്രി സൂപ്രണ്ട് ലിൻഡ ജോസഫ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. സ്ഥിരം നിയമനത്തിലുള്ള ഒരു ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഡി.എം.ഒക്ക് റിപ്പോർട്ട് നൽകിയതായി മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

കുറ്റക്കാരായ മൂന്ന് ഡ്രൈവർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് മെഡിക്കൽ സൂപ്രണ്ട് അന്വേഷണം നടത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന ശേഷമാണ് ഇവരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.

മേയ് നാലിന് വൈകീട്ട് 5.30ഓടെയാണ് അയിരൂർ പ്ലാങ്കമണ്ണിൽനിന്ന് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയ ഒരുമാസം പ്രായമായ കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഓക്സിജൻ ലെവൽ കുറഞ്ഞ കുഞ്ഞിന് എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നറിയിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആംബു ലൻസ് സഹായം തേടിയപ്പോൾ ഡ്രൈവർമാർ ഒഴിഞ്ഞുമാറി. ആശുപത്രി ജീവനക്കാർ തന്നെ പലവട്ടം വിളിച്ചിട്ടും ഒഴിഞ്ഞു മാറിയെന്നാണ് ആരോപണം.

ഡ്യൂട്ടി സമയം കഴിയുന്നതിനാൽ പറ്റില്ലെന്ന നിലപാടിലായിരുന്നത്രെ ഡ്രൈവർമാർ. ഈ സമയം ആശുപത്രിയിലെ നാല് ആംബുലൻസുകളും സ്ഥലത്തുണ്ടായിരുന്നു. ഒടുവിൽ സ്വകാര്യ ആംബുലൻസ് ഡ്രൈവർ കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ തയാറായി. വേഗത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയും കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിക്കുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe