മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയായി; ജാഗ്രതാനിർദേശം നൽകി തമിഴ്‌നാട്

news image
Nov 26, 2025, 5:16 am GMT+0000 payyolionline.in

തൊടുപുഴ: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി ഉയർന്നു. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈകിട്ടോടെയൊണ് ജലനിരപ്പ് 140 അടി എത്തിയത്. ഇതോടെ തമിഴ്നാട് മുന്നറിയിപ്പ് നൽകുകയായിരുന്നു. ജലനിരപ്പ് 141 അടി എത്തുന്നതോടെ രണ്ടാംഘട്ട മുന്നറിയിപ്പ് നൽകും. രണ്ട് ദിവസത്തിനിടയിൽ മൂന്നടിയോളം വെള്ളമാണ് ഉയർന്നത്. 142 അടിയാണ് റൂൾ കർവ് പരിധി.

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിവെച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. നവംബർ 19ന് ജലനിരപ്പ് 133.75 അടിയായിരുന്നു. 20ന് അത് 135 അടിയായി ഉയര്‍ന്നു. 24ന് ജലനിരപ്പ് 138.65 അടിയായി വർധിച്ചതോടെ തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് പുനരാരംഭിച്ചു. സെക്കന്‍റിൽ 400 ഘനയടി വെള്ളമാണ് കൊണ്ട് പോയിരുന്നത്. ഇന്നലെ രാവിലെ ജലനിരപ്പ് 139.80 അടി ഉയർന്നതോടെ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍റിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കുമുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമർദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുനമർദമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം തീവ്രന്യുനമർദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe