മുൻ കാമുകിയുടെ മുന്നിലിട്ട് ഭർത്താവിനെ കുത്തിക്കൊന്ന് യുവാവ്, യുവതി കസ്റ്റഡിയിലായതിന് പിന്നാലെ കീഴടങ്ങി

news image
Feb 24, 2025, 10:32 am GMT+0000 payyolionline.in

ബെംഗളൂരു: ട്രാൻസ്പോർട്ട് ബസിനുള്ളിൽ വച്ച് മുൻ കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊന്ന് യുവാവ്. കർണാടകയിലെ സിർസിയിൽ ശനിയാഴ്ചയാണ് സംഭവം. ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധർ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രീതം ഡിസൂസ എന്നയാളാണ് ഇയാളെ കർണാടകയിലെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് കുത്തിക്കൊന്നത്. ഉത്തര കർണാടകയിലെ സിർസിയിൽ വച്ച് നിരവധിയാളുകൾ നോക്കി നിൽക്കുമ്പോഴായിരുന്നു കൊലപാതകം.

ബെംഗളൂരുവിലേക്കുള്ള ബസിൽ ഗംഗാധർ കയറാൻ ഒരുങ്ങുമ്പോഴാണ് പ്രീതം ഇയാളെ ആക്രമിച്ചത്. ഗംഗാധറിന്റെ ഭാര്യ പൂജ നോക്കി നിൽക്കെയായിരുന്നു കത്തിയാക്രമണം. പൂജ നേരത്തെ പത്ത് വർഷത്തോളം പ്രീതവുമായി പ്രണയത്തിലായിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് മാസം മുൻപാണ് പൂജ ഗംഗാധറിനെ വിവാഹം ചെയ്ത് ബെംഗളൂരുവിലേക്ക് താമസം മാറിയത്. പൂജയും ഗംഗാധറും ബെംഗളൂരുവിൽ ജോലിയും നേടിയിരുന്നു. വാരാന്ത്യത്തിൽ വീട്ടിലെത്തി ഒരു ചടങ്ങി പങ്കെടുത്ത് മടങ്ങുമ്പോഴാണ് പ്രീതം ഗംഗാധറിനെ ആക്രമിച്ചത്.

ദമ്പതികളുടെ അടുത്തെത്തിയ പ്രീതം ഗംഗാധറിനോട് തർക്കിക്കാൻ തുടങ്ങി. തർക്കം വാക്കേറ്റത്തിലേക്ക് എത്തിയതോടെ പ്രീതം കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഗംഗാധറിനെ ആക്രമിക്കുകയായിരുന്നു. ഗംഗാധറിന്റെ നെഞ്ചിൽ നിരവധി തവണ കുത്തിയ ശേഷം പ്രീതം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പൂജയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ പ്രീതം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe