മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കാൻസര്‍ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി ഇ ആബ്ബാസ്, വി ഇ അനൂപ്.
മുസ്ലിം ലീഗിൻറെ വിദ്യാർഥി സംഘടനയായ എംഎസ്എഫിലൂടെ ആയിരുന്നു അതദ്ദേഹം പൊതുരംഗത്തേയ്ക്ക് എത്തിയത്. പിന്നീട് യൂത്ത് ലീഗ്, എറണാകുളം ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐയുഎംഎൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എംഎൽഎയും കളമശേരി എന്ന പുതിയ മണ്ഡലത്തിൻറെ പ്രഥമ ജനപ്രതിനിധിയുമാണ്. പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്ന് 2005 ജനുവരിയിൽ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 2006 മെയ് വരെ ആ സ്ഥാനത്ത് തുടർന്നു. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
