മൂടാടി തരിശുരഹിതമാക്കാൻ ‘പൊൻകതിർ’; വിത്തിടൽ ഉത്സവം നടന്നു

news image
Mar 9, 2026, 11:09 am GMT+0000 payyolionline.in

മൂടാടി: ഗ്രാമപഞ്ചായത്തിനെ തരിശുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘പൊൻകതിർ’ പദ്ധതിക്ക് ആവേശകരമായ തുടക്കമായി. ചാലി ചാക്കര തോട് കടന്നുപോകുന്ന കേട്ടയകത്ത് പാടശേഖരത്തിലെ ചാത്തമ്പത്ത് താഴയിൽ, വർഷങ്ങളായി തരിശുകിടന്ന പാടത്താണ് യന്ത്രസഹായത്തോടെ നിലമൊരുക്കി വിത്തിട്ടത്. പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളെയും ഈ പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കർഷകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് പൊൻകതിർ പദ്ധതി. നിലമൊരുക്കുന്നതിനും കൊയ്ത്തിനുമുള്ള കൂലി ചെലവിന്റെ 50 ശതമാനം ഗ്രാമപഞ്ചായത്ത് നേരിട്ട് വഹിക്കും. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് കാർഷിക കർമ്മസേന വഴി തവിട് കളയാത്ത ‘മൂടാടി അരി’ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

പദ്ധതിയുടെ വിത്തിടൽ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രമ്യ സുർജിത്, പാടശേഖര സമിതി സെക്രട്ടറി പി. രാഘവൻ, പ്രസിഡന്റ് മൊയ്തു ഹാജി, കൃഷി ഓഫീസർ ഫൗസിയ പി. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe