കോഴിക്കോട് താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ നിന്നുവീണ് യുവാവ് മരിച്ചു.വിനോദയാത്രയ്ക്ക് പോയ യുവാവാണ് കൊക്കയിൽ വീണു മരിച്ചത്. വടകര വളയം തോടന്നൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമൽ സഹപ്രവർത്തകർക്കൊപ്പമാണ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്.
പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മുത്രമൊഴിക്കുന്നതിനായി റോഡരികിൽ നിൽക്കവേ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. 60 അടി താഴ്ചയിലേക്കാണ് അമൽ വീണത്. കൽപറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അമലിനെ മുകളിലെത്തിച്ചത്.
അമലിന്റെ തലയിലടക്കം ഗുരുതര പരുക്കുണ്ടായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമലിനെ രക്ഷിക്കാനിറങ്ങിയ അമൽദാസ്, പ്രസാദ് എന്നിവരും കൊക്കയിൽ പെട്ടു. ഇവരെയും ഫയർഫോഴ്സ് സംഘമാണ് മുകളിലെത്തിച്ചത്. അടിവാരം ഔട്ട് പോസ്റ്റ് പൊലീസും താമരശേരി ഹൈവേ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.