മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും; സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ആദ്യദിനം

news image
Jun 11, 2024, 3:33 am GMT+0000 payyolionline.in
ദില്ലി: മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദേശമുണ്ട്. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിൽ എത്തി ചുമതല ഏൽക്കും.

അതേസമയം, മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ മഹായുതിയിൽ പൊട്ടിത്തെറി. എൻഡിഎയിൽ ഇരട്ട നീതിയാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഷിൻഡെ പക്ഷം രം​ഗത്തെത്തി. മന്ത്രിസഭയിൽ ശിവസേന ഷിൻഡെ പക്ഷത്തിനു അർഹമായ പരിഗണന ലഭിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു. ഏക് നാഥ്‌ ഷിൻഡെ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ നേതാക്കൾ അതൃപ്തി അറിയിച്ചു.

 

എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷി ആയിട്ടും ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ ശിവസേനയെ തഴഞ്ഞു.
ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകി. ശിവസേനയ്ക്ക് ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ്. ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാർട്ടിക്ക് കിട്ടിയില്ലെന്നും എംപി ശ്രീരംഗ് ബർനെ പറഞ്ഞു. എൻസിപിയ്ക്ക് ക്യാബിനറ്റ് പദവി കിട്ടാത്തതും അനീതിയെന്ന് ബർനെ പറഞ്ഞു.

ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ എൻസിപി പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ശിവസേനയും അതൃപ്തി കടുപ്പിക്കുന്നത്. എന്നാൽ ബിജെപിയ്ക്ക് നിരുപാധിക പിന്തുണയെന്നും വിലപേശാൻ ഇല്ലെന്നും ശ്രീകാന്ത് ഷിൻഡെ എം പി പറയുന്നു. ശിവസേനയിലെ പ്രതാപ് റാവു ജാദവിന് ആയുഷ് വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe