മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; അന്ത്യശാസനവുമായി ഹൈക്കോടതി, റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം

news image
Mar 27, 2024, 11:58 am GMT+0000 payyolionline.in

കൊച്ചി: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് റിപ്പോർട്ട്  നൽകാൻ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി. വരുന്ന ചൊവ്വാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദ്ദേശം. മോണിറ്ററിങ് കമ്മിറ്റിക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഓൺലൈനായി ഹാജരായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ വിശദീകരിച്ചു. ചിന്നക്കനാലിലും, ബൈസൺവാലിയിലും ശാന്തൻപാറയിലും ഡിജിറ്റൽ സർവേ നടത്തി.

ബാക്കിയുള്ള സ്ഥലങ്ങളിൽ രണ്ടാം ഘട്ടത്തിൽ സർവേ നടത്തുമെന്നും നടപടികൾ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു. എന്നാൽ, ഗ്രൗണ്ട് ലെവലിൽ കാര്യങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് കോടതി രൂക്ഷ വിമര്‍ശനം നടത്തി. തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദേശം നല്‍കിയത്.

 

ആവർത്തിച്ച് ഉത്തരവിട്ടിട്ടും മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നിശ്ചലമായതിനാൽ കടുത്ത ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചത്. കയ്യേറ്റ മൊഴിപ്പിക്കൽ അട്ടിമറിക്കുന്നത് അന്വേഷിക്കാൻ സിബിഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്,അബ്ദുൽ ഹക്കീം എന്നിവർ വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe