മൂന്നാറിൽ സീരിയൽ ഷൂട്ടിങ് സംഘത്തിന് നേരെ പാഞ്ഞെത്തി ‘പടയപ്പ’; വാഹനങ്ങൾ തകർത്തു

news image
Dec 14, 2024, 4:46 am GMT+0000 payyolionline.in

ഇടുക്കി: മൂന്നാറിൽ സീരിയൽ ഷൂട്ടിങ് വാഹനത്തിന് നേരെ കാട്ടാന പടയപ്പയുടെ ആക്രമണം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങൾക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സൈലന്റ് വാലിയിലെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. സെലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം.

ഇരുപതിലധികം വാഹനങ്ങൾക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍.ആര്‍.റ്റി ഡെപ്യൂട്ടി റേയ്ഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.

മൂന്നാറിലെ ജനവാസ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും പടയപ്പയെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആനയെ തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നിരന്തരമായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe