മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

news image
Feb 12, 2025, 10:38 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരു ആരോഗ്യ സ്ഥാപനത്തിന് പുതുതായി അംഗീകാരവും രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 3 വര്‍ഷത്തിന് ശേഷം പുന:അംഗീകാരവുമാണ് ലഭിച്ചത്.

കൊല്ലം ജില്ലയിലെ ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രം 96.53 ശതമാനം സ്‌കോര്‍ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. തൃശൂര്‍ ഗുരുവായൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രം 87.08 ശതമാനം സ്‌കോറും, വയനാട് മുണ്ടേരി കല്‍പറ്റ നഗര കുടുംബാരോഗ്യ കേന്ദ്രം 95.67 ശതമാനം സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയെടുത്തത്.

ഇതോടെ സംസ്ഥാനത്തെ 201 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നാല് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടി.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കുന്നു. കൂടുതല്‍ ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe