മൂന്ന് കോടിക്ക് മന്ത്രിപദവി; വിദ്യാബാലകൃഷ്ണനെ വിളിച്ച രണ്ട് പേർ പിടിയിൽ

news image
Jul 23, 2026, 7:05 am GMT+0000 payyolionline.in

കോഴിക്കോട്: മൂന്നുകോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി ആക്കാമെന്നുപറഞ്ഞ് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചെന്ന കേസിൽ രണ്ടുപേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻകുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ രാജ്കുമാർ എന്നു പറഞ്ഞായിരുന്നു ഇവർ എംഎൽഎയെ വിളിച്ചത്.

ഒരു എംപി തന്ന നമ്പർ ആണെന്നായിരുന്നു കോൾ വിളിച്ചയാൾ അവകാശപ്പെട്ടത്. മന്ത്രിയാക്കാനുള്ള നടപടി ക്രമങ്ങൾ വിവരിച്ച് ഇംഗ്ലീഷിലെ സംഭാഷണം ഏകദേശം പത്ത് മിനിറ്റോളം നീണ്ടിരുന്നു. സംശയം തോന്നിയതോടെ പണം നൽകാമെന്ന് എംഎൽഎ പറഞ്ഞു. പിന്നാലെ എംപിയോട് വിദ്യാ ബാലകൃഷ്ണൻ ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു.

എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം മറുപടി നൽകുകയായിരുന്നു. തുടർന്ന് പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസുമായും പാർട്ടി ആസ്ഥാനവുമായും ഇരുവരും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഫോൺ വിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്കും സമാനമായ ഫോൺകോളുകൾ ലഭിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന് അവകാശപ്പെട്ടായിരുന്നു ഈ ഫോൺ കോളുകളും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe