മൂന്ന് ദിവസം ​കൊണ്ട് കൂടിയത് 4,160 രൂപ; ഇത്തവണ കാരണഭൂതരായി ട്രംപ് മാത്രമല്ല​, ചൈനയും

news image
Apr 11, 2025, 10:56 am GMT+0000 payyolionline.in

കൊച്ചി: സ്വർണവില നിലം തൊടാതെ പറക്കുന്നതിന് പിന്നിൽ ഇത്തവണ കാരണഭൂതരായി ചൈനയും. സ്വർണത്തിന് ഇന്ന് ഇന്ന് ഗ്രാമിന് 185 രൂപയും പവന് 1480 രൂപയുമാണ് വർദ്ധിച്ചത്. ഗ്രാമിന് 8745 രൂപയും പവന് 69960 രൂപയുമാണ് ഇന്നത്തെ വില. 40 രൂപ കൂടി വർധിച്ചാൽ പവൻവില 70,000 തൊടും. നികുതിയും പണിക്കൂലിയും ചേർത്താൽ ഒരുപവൻ ആഭരണം വാങ്ങാൻ ചുരുങ്ങിയത് മുക്കാൽ ലക്ഷം രൂപയിൽ അധികം നൽകേണ്ടി വരും.

അന്താരാഷ്ട്ര സ്വർണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരയുദ്ധവും പ്രതികാരച്ചുങ്കവുമായിരുന്നു ഇത്രനാളും സ്വർണവിലയെയും ഓഹരിവിപണിയെയും സാരമായി ബാധിച്ചത്. എന്നാൽ, ഇപ്പോൾ തങ്ങളുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ചൈനയുടെ ഭീഷണിയും സ്വർണവില കുതിക്കുന്നതിന് മറ്റൊരു കാരണമായി. ജപ്പാൻ കഴിഞ്ഞാൽ യു.എസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണുള്ളത്.

മൂന്ന് ദിവസം ​കൊണ്ട് കൂടിയത് 4,160 രൂപ

കേരളത്തിൽ സ്വർണവിലയിൽ മൂന്ന് ദിവസം കൊണ്ട് 4,160 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 520 രൂപയും കൂടി. ഇത്ര ചെറിയ കാലയളവിൽ ഇത്രയും തുക വർധിക്കുന്നത് ചരിത്രത്തിൽ അപൂർവമാണ്.

ഇന്നലെ കേരളത്തിൽ സ്വർണം പവന് 2,160 രൂപയുടെ വർധനയാണ് ഉണ്ടായത്. സമീപകാലത്ത് ഇതാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും തുക വർധിക്കുന്നത്. 68,480 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 270 രൂപയും കൂടി. 8,560 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. തുടർച്ചയായ നാലു ദിവസം കൊണ്ട് പവന് 2,680 രൂപ കുറഞ്ഞ സ്വർണം ബുധനാഴ്ചയാണ് തിരിച്ചുകയറി തുടങ്ങിയത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്നലെ കൂടിയത്.

ലോകവിപണിയിലും സ്വർണത്തിന് വൻ വില വർധനയുണ്ടായി. മൂന്ന് ശതമാനത്തിലേറെ നേട്ടമാണ് സ്വർണത്തിന് വ്യാഴാഴ്ചയുണ്ടായത്. യു.എസ്-ചൈന വ്യാപാര യുദ്ധം മൂലം ആളുകൾ സുരക്ഷിതനിക്ഷേപം തേടുന്നത് സ്വർണത്തിന് ഗുണമാവുകയാണ്.

സ്​പോട്ട്ഗോൾഡിന്റെ വില അന്താരാഷ്ട്ര വിപണിയിൽ 26.54 ഡോളർ ഉയർന്ന് 3,215.08 ഡോളറിലെത്തി. യു.എസിൽ ​സ്വർണത്തിന്റെ ഭാവി വിലയും ഉയർന്നിട്ടുണ്ട്. 3.2 ശതമാനം നേട്ടമാണ് സ്വർണത്തിന്റെ ഭാവി വിലകളിൽ ഉണ്ടായത്. 3.2 ശതമാനം നേട്ടത്തോടെ 3,177.5 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളർ ഇൻഡക്സിലും ഇടിവ് രേഖപ്പെടുത്തുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe